ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് വയനാട്ടിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, രാഹുല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ, ജമ്മു കശ്മീരില്‍ നിന്നോ മത്സരിക്കണമായിരുന്നു ; 2014ല്‍ രാഹുല്‍ അമേഠിയില്‍ നിന്ന് മത്സരിച്ചില്ലേ, എന്നിട്ട് യു.പിയില്‍ തരംഗം ഉണ്ടായോ ?; പിന്നെ കേരളത്തില്‍ എങ്ങനെയാണ് തരംഗം സൃഷ്ടിക്കാന്‍ കഴിയുക? ; കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് എം.എ ബേബി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

ഡല്‍ഹി : ഇന്ത്യയെക്കുറിച്ച് കോണ്‍ഗ്രസിനുണ്ടായ കാഴ്ചപ്പാട് നഷ്ടപെട്ടു എന്നതിന്‍റെ തെളിവാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എ ബേബി.

ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അദ്ദേഹം കൂടുതല്‍ അപരവത്കരിക്കപ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ, ജമ്മു കശ്മീരില്‍ നിന്നോ മത്സരിക്കണമായിരുന്നെന്നും ബേബി അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാവുമെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. ‘അത്തരം ഒരു തരംഗം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമ്മള്‍ അത് കാണേണ്ടതായിരുന്നു.

2014ല്‍ രാഹുല്‍ ഗാന്ധി അമേഠിയിലും, സോണിയാ ഗാന്ധി റായ് ബറേലിയിലും മത്സരിച്ചു. എന്നിട്ട് ഉത്തര്‍പ്രദേശില്‍ നമ്മള്‍ എന്തെങ്കിലും തരത്തിലുള്ള തരംഗം കണ്ടോ. രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ എങ്ങനെയാണ് തരംഗം സൃഷ്ടിക്കാന്‍ കഴിയുക?’- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബേബി പറയുന്നു.

×