അതിര്‍ത്തി കടന്നും മനസാക്ഷിയുടെ വിളി : ദേ ഇതാണയാൾ, അന്നം കഴിയ്ക്കാന്‍ പുതപ്പു വില്‍ക്കാനിറങ്ങിയ അന്യസംസ്ഥാനക്കാരന്‍ മലയാളികളുടെ കയ്യടി നേടിയതിങ്ങനെ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Saturday, August 11, 2018

കണ്ണൂര്‍ : അന്യസംസ്ഥാനക്കാരെ സംശയത്തോടെ മാത്രം വീക്ഷിക്കാനേ മലയാളിക്ക് കഴിയുമായിരുന്നുള്ളൂ. അതായിരുന്നു നമ്മുടെ അനുഭവവും സാഹചര്യവും. എന്നാല്‍ ആ ധാരണ അല്പമൊന്ന് മാറ്റാന്‍ സമയമായെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മധ്യപ്രദേശ് സ്വദേശി .

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിലെ മാങ്ങോട്ട് നിർമ്മല എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അൻപതോളം കമ്പിളിപ്പുതപ്പുകൾ സംഭാവന നൽകിയ മധ്യപ്രദേശ്കാരനായ വിഷ്ണു എന്ന കമ്പിളിപ്പുതപ്പ് വിൽപനക്കാരന്റെ വലിയ മനസ്സിനെ കാണാതെ പോകാന്‍ ഇനി മലയാളിക്കാകില്ല .

കമ്പിളി പുതപ്പ് വിൽക്കാൻ വന്നപ്പോൾ നാട്ടിലുണ്ടായ ദുരന്തമറിഞ്ഞതോടെ കയ്യിലുണ്ടായിരുന്ന പുതപ്പുകൾ മുഴുവൻ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് നൽകാൻ വിഷ്ണു മുന്നോട്ട് വരികയായിരുന്നു.

തുടർന്ന് കളക്ടർ മിർ മുഹമ്മദലി കമ്പിളിപ്പുതപ്പ് വിഷ്ണുവിൽ നിന്നും ഏറ്റുവാങ്ങി.അതിർവരമ്പില്ലാത്ത സഹജീവി സ്നേഹത്തിന്റെ മാതൃക പ്രവർത്തനത്തിന് സല്യൂട്ട് സഹോദരാ … എന്നാണ് ഇപ്പോള്‍ വിഷ്ണുവിന് മലയാളികളുടെ കമന്റ് .

×