Advertisment

മക്കയിൽ കനത്ത മഴ, ഹറമിലെ തീർത്ഥാടകർ മധുരാനുഭവത്തിൽ

New Update

publive-image

Advertisment

മക്ക: മണ്ണും മനസ്സും കുളിർപ്പിച്ച് ഹറം ശരീഫ് ഉൾപ്പെടെ മക്കയിലെങ്ങും കനത്ത മഴ വർഷിച്ചു. ത്വായിഫ്, അബഹ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളായി നിലനിൽക്കുന്ന വര്ഷകാലാവസ്ഥയുടെ തുടർച്ചയായാണ് ചൊവാഴ്ച വൈകീട്ട് മക്കയിലും മഴ കനത്തത് .

ഹറം പള്ളിയിലെ ഇശാ നിസ്കാര വേളയിൽ ഉണ്ടായ ശക്തമായ മഴ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർക്ക് അപൂർവ അനുഭവമായി. തീർത്ഥാടകർ പുണ്യ ഗേഹത്തിലെ മഴ ആത്മീയാവേശത്തിൽ അനുഭവിക്കുകയായിരുന്നു.

തീര്ഥാടകരിൽ പലരും കഅബായുടെ പ്രദക്ഷിണ വീഥിയിൽ മഴകൊള്ളാനായി നിന്നു. അവർ മഴയേറ്റ്‌ പ്രദക്ഷിണം തുടർന്നു. മഴ നനഞ്ഞ കഅബായുടെ പുറം പുടവയിൽ ശരീരം ചേർത്തു വെച്ചു നിന്നു.

publive-image

വിശുദ്ധ മന്ദിരത്തിന്റെ മേല്ഭാഗത്ത് നിന്ന് വെള്ളം പുറത്തേക്കൊഴുകാൻ സ്ഥാപിച്ച പാത്തിയിലൂടെ കുത്തിയൊലിച്ച വെള്ളം കൈകളിലാക്കി അനുഭവിച്ചു.

മക്കയിലെ ഹറം പ്രദേശം, ശരാഇഅ, മുസ്ദലിഫ, അസീസിയ, സൈൽസഗീര് തുടങ്ങിയ പ്രദേശങ്ങളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്. അതേസമയം, മഴ മൂലമുണ്ടായ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സർവം സജ്ജമാണെന്ന് മക്കാ സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.

മക്കയിലെ വിവിധ മേഖലകളിൽ വലിയ തോതിൽ സിവിൽ ഡിഫൻസ് ഭടന്മാരെ വിന്യസിപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകൾ രൂപപ്പെടാറുള്ള സ്ഥലങ്ങളിൽ പ്രത്യേക ഏർപ്പാടുകളും കൈക്കൊണ്ടിട്ടുണ്ട്.

അതേസമയം, ചിലയിടങ്ങളിൽ നിന്ന് വൈദ്യുതി സോർട്, വെള്ളയ്ക്കെട്ടുണ്ടായി ഒറ്റപ്പെട്ടുപോകൽ തുടങ്ങിയ ഫോൺ വിളികൾ ലഭിച്ചതായും ഉടൻ യുക്തമായ നടപടികൾ കൈക്കൊണ്ടതായും സിവിൽ ഡിഫൻസ് മേധാവി തുടർന്നു.

തികഞ്ഞ ജാഗ്രത പാലിക്കാൻ അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു. ഇടിയോടു കൂടിയ മഴയും കാറ്റും, താഴ്ന്ന ദൂരകാഴ്ചയും ബുധനാഴ്ച പുലർച്ചെ വരെ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

kuwait latest
Advertisment