Advertisment

മലപ്പുറം പോലീസ് അതിക്രമം:ജനാധിപത്യ പ്രതിഷേധങ്ങളെ പോലീസ് കടന്നാക്രമിക്കുന്നു - ഷംസീർ ഇബ്റാഹിം

New Update

മലപ്പുറം:  ജനാധിപത്യ പ്രതിഷേധങ്ങളെ പോലീസ് കടന്നാക്രമിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് ഷംസീർ ഇബ്റാഹിം. അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ ഭീകരമായ അതിക്രമം ആസൂത്രിതവും മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതുമാണ്. പ്രവർത്തകർ പോലീസിനെ ആക്രമിക്കുകയോ ബാരിക്കേഡിൽ തൊടുകയോ പോലുമുണ്ടായിട്ടില്ല.

Advertisment

publive-image

ഒരു പ്രതിഷേധത്തെ തടയുകയോ നേരിടുകയോ ചെയ്യേണ്ട സാമാന്യ രീതിയോ ക്രമസമാധാന പാലകർ എന്ന നിലയിൽ കാണിക്കേണ്ട പ്രാഥമിക മര്യാദകൾ പോലുമോ കാണിക്കാതെയാണ് പോലീസ് പെരുമാറിയത്. വിദ്യാഭ്യാസ വകുപ്പിനെതിരായ സമരങ്ങളെ ഇങ്ങനെ നേരിടണമെന്ന് പൊലീസിന് നിർദേശം കിട്ടിയിട്ടുണ്ടോ ? ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയത് ? ഈ പോലീസ് ഭീകരതയെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമമഴിച്ചു വിട്ടത് ഒട്ടും പ്രകോപനമില്ലാതെയായിരുന്നു. തീർത്തും സമാധാനപരമായി ഡി ഡി ഇ ഓഫീസിന് മുന്നിലേക്ക് എത്തിച്ചേർന്ന മാർച്ചിന് നേരെ പോലീസ് കടന്നു കയറി ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പോലും സമരം ചെയ്തവർ സ്പർശിക്കും മുമ്പേ അതിക്രൂരമായി പോലീസ് ലാത്തി വീശി.

കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ കുറച്ച് വിദ്യാർഥികളാണ് സമരത്തിനുണ്ടായിരുന്നത്.ഈ വിദ്യാർഥികളെ മുൻകൂട്ടി പ്ലാൻ ചെയ്തവിധം വളഞ്ഞിട്ട് പരിക്കേൽക്കും വരെ ദീർഘനേരം പോലിസ് ലാത്തികൊണ്ടടിക്കുകയായിരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം, ആദിൽ ജാവേദ് കൂട്ടിലങ്ങാടി, നസീബ് മങ്കട എന്നിവർക്ക് ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇവരെ ആദ്യം മലപ്പുറം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമെന്ന് കണ്ടതിനെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

publive-image

പരിക്കേറ്റ മറ്റു വിദ്യാർത്ഥികൾ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ല സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി എന്നിവരടക്കം 16 പേരെ അറസ്റ്റ് ചെയ്തു.

കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്ത സർക്കാരിൻ്റെയും പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡി ഡി ഇ, എ ഇ ഒ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.

പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം ഉടൻ ലഭ്യമാക്കണം. എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം ലഭിക്കുന്നതു വരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സമര രംഗത്തുണ്ടാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വിവിധയിടങ്ങളിൽ സംസ്ഥാന-ജില്ലാ നേതാക്കൾ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

malappuram police
Advertisment