Advertisment

'നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി ഞാനാണ്' - വെളിപ്പെടുത്തലുമായി നടി

author-image
ഫിലിം ഡസ്ക്
New Update

ടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന മീ ടു ആരോപണം വെളിപ്പെടുത്തിയത് താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ്. ദിവ്യ തന്നെയാണ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

നേരത്തെ പേര് വെളിപ്പെടുത്താത്ത ഒരു നടി അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

publive-image

ദിവ്യയുടെ വാക്കുകൾ ഇങ്ങനെ– എനിക്ക് ചിലത് പറയാനുണ്ട്. ഒരു പെൺകുട്ടി അവൾക്കുണ്ടായ സത്യമായ അനുഭവങ്ങൾ തെറ്റും കൂടാതെ അത് എഴുതി ലോകത്തോട് അറിയിക്കാൻ ശ്രമിക്കുമ്പോൾ, അത് പേര് പറയാതെ എഴുതി കുറ്റം പറയാൻ ശ്രമിക്കുന്ന ആളുകളുണ്ട്.

അവൾക്ക് എന്ത് പിന്തുണയാണ് വിമർശിക്കുന്നവർ കൊടുക്കുക. അവൾ തരണം ചെയ്ത അനുഭവം അത് ആരോട് പങ്കുവയ്ക്കും, അമ്മയോടോ അച്ഛനോടോ. സ്വന്തം ആഗ്രഹപ്രകാരം ജോലി ചെയ്യുന്ന ഫീൽഡിൽ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പിന്നീടാണ് അവൾക്ക് പറയാൻ തോന്നുന്നതെങ്കിൽ അതിൽ എന്താണ് പ്രശ്നം.

അവള്‍ സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒരു തരത്തിലും വഴങ്ങി നിന്നിട്ടില്ലെന്ന് ദിവ്യ പറയുന്നു. നിന്നു കൊടുത്തിട്ടില്ല എന്ന ധൈര്യത്തില്‍ തന്നെയാണ് എഴുതിയത്. പിന്നെ എന്തുകൊണ്ട് ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ചോദിക്കുന്നത്. പിജി പഠനം പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍. എനിക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന തൊഴിലാണ് അഭിനയം. അതുകൊണ്ടാണ് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നത്.

അലൻസിയർ ലോപ്പസിനെക്കുറിച്ചാണ് ഞാൻ പേര് പറയാതെ എഴുതിയത്. ഇപ്പോൾ എഴുതാൻ കാരണമുണ്ട്.

https://www.facebook.com/divya.gopinath.5872/videos/2196616993994921/?t=0

ഈ പറയുന്ന വ്യക്തി മറ്റൊരു സെറ്റിൽ പോയി പെൺകുട്ടികളെയെല്ലാം അയാൾ ഉപയോഗിച്ചെന്ന് സന്തോഷത്തോടെ പറയുന്നത് കേൾക്കുകയുണ്ടായി. ആഭാസം സിനിമയിലെ പെൺകുട്ടികളെല്ലാം അയാളുടെ കൂടെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയായിരുന്നു. ഇത് അറിഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ഞാൻ ചീത്ത പറഞ്ഞു.

എന്നോട് അയാൾ കരഞ്ഞ് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. അയാളെ അപ്പോൾ ഞാൻ വിശ്വസിച്ചു. പ്രായത്തിന് ബഹുമാനം തോന്നി. പക്ഷേ ഇയാളെക്കുറിച്ച് സംഘടനയിൽ പരാതി പറഞ്ഞാൽ അവർ അത് കേൾക്കുമെന്ന് ഒരു വിശ്വാസവുമില്ല. ഞാൻ അമ്മ സംഘടനയിലുമില്ല.

എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് പല സ്ത്രീകളും മോശമായി പറയുന്നത് കേട്ടതോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഇത് ഡബ്ലുസിസിയുടെ പ്രതികാരമോ ഒന്നുമല്ല, കുറിപ്പ് എഴുതുന്നതിന് മുമ്പ് ഡബ്ലുസിസിയിൽ ഇക്കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവർ പറഞ്ഞത് അലൻസിയറിനെ നേരിട്ട് കണ്ട് കാര്യങ്ങൾ തീർപ്പാക്കിയാൽ മതിയോ എന്നാണ്.

എനിക്ക് അത് മതിയായിരുന്നു. എന്നാൽ മറ്റുള്ളവരെ ഇനിയും അയാൾ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയത്.

ദിവ്യ ഗോപിനാഥ് വെബ്സൈറ്റിൽ എഴുതിയത്–

രാത്രി കിടക്കയിൽ അലൻസിയറെ കണ്ട് ഞെട്ടി; മീ ടൂ വെളിപ്പെടുത്തലുമായി യുവനടി

നടൻ അലൻസിയറിനെതിരെ ലൈംഗിക ആരോപണമുയർത്തി യുവനടി. ഒരു സ്വകാര്യ വെബ്സൈറ്റ് വഴിയാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നടി വെളിപ്പെടുത്തൽ നടത്തിയത്.

ഒരു പുതുമുഖ സംവിധായകന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അലൻസറിൽ നിന്നു ദുരനുഭവം ഉണ്ടായതെന്നു യുവതി പറയുന്നു. "അതെന്റെ നാലമാത്തേതും അലൻസിയറിനൊപ്പമുള്ള ആദ്യ ചിത്രവുമായിരുന്നു. അലൻസിയറിനൊപ്പമുള്ള എന്റെ അവസാന ചിത്രവും അത് തന്നെയായിരിക്കണമെന്ന് ഞാൻ ഉറപ്പിച്ചു.

അലൻസിയറെ കാണുന്നതു വരെ അയാളെക്കുറിച്ചു ആദരവ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ, നേരിട്ട് പരിചയപ്പെട്ടപ്പോൾ തന്റെ ലൈംഗിക വൈകൃതങ്ങളെ മറച്ചു പിടിക്കുന്നതിനുള്ള മുഖംമൂടിയാണ് അയാളുടെ പുരോഗമന ചിന്തകളെന്നു മനസിലായി."

സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴു തവണ അലൻസിയറിൽ നിന്നു ദുരനുഭവം ഉണ്ടായെന്നു യുവനടി അക്കമിട്ടു പറയുന്നുണ്ട്. ഒരിക്കൽ നടിയുടെ മുറിയിലേക്കു അനുവാദമില്ലാതെ കയറി ബെഡിൽ കിടക്കാൻ ശ്രമിച്ചെന്ന് യുവനടി ആരോപിക്കുന്നു.

"രാത്രി മുഴുവൻ ഷൂട്ടിങ് ഉണ്ടായിരുന്നതിനാൽ പുലർച്ചെയാണ് മുറിയിൽ വന്നു കിടന്നത്. എന്റെ സഹപ്രവർത്തകയും മുറിയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ വാതിലിൽ തട്ടി വിളിച്ചു. എന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയാണ് വാതിൽ തുറന്നത്. അത് അലൻസിയറായിരുന്നു. അവർ എന്തോ സംസാരിച്ചു. ഉറക്കം പോയെന്നു പറഞ്ഞ് ആ പെൺകുട്ടി ഫ്രഷ് ആകുന്നതിന് ബാത്ത്റൂമിലേക്കു കയറി.

ഇതിനിടയിൽ ആ പെൺകുട്ടി വാതിൽ അടയ്ക്കാൻ മറന്നു പോയിരുന്നു. അവർ ബാത്ത്റൂമിൽ പോയ നേരത്ത് അലൻസിയർ അകത്തു കയറി എന്റെ കിടക്കയിൽ കിടന്നു. അസ്വാഭാവികത തോന്നി കണ്ണു തുറന്ന ഞാൻ അയാളെ കണ്ടു ഞെട്ടി ബഹളം വച്ചു. വെറുതെ തമാശയാണെന്നു പറഞ്ഞ് അലൻസിയർ ഇറങ്ങിപ്പോയി," യുവനടി വെളിപ്പെടുത്തി.

ഒരിക്കൽ സഹതാരത്തിനൊപ്പം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ, മറ്റൊരു പ്രമുഖ താരം സ്ത്രീകളോട് പെരുമാറുന്നത് വിവരിച്ചുകൊണ്ട് തന്റെ മാറിലേക്ക് ചൂഴ്ന്നു നോക്കിയെന്നും യുവതി ആരോപിക്കുന്നു. മറ്റൊരിക്കൽ തന്റെ മുറിയിലേക്കു കടന്നു വന്ന് ഒരു അഭിനേതാവിന് സ്വന്തം ശരീരം അറിയുന്നതിന്റെ പ്രധാന്യത്തെപ്പറ്റിയും അഭിനേതാവിന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയും ക്ലാസ് എടുത്തെന്നും യുവതി പറയുന്നു.

അലൻസിയറിൽ നിന്നുണ്ടായ മറ്റൊരു ദുരനുഭവവും യുവനടി തുറന്നു പറയുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ഒരു ദിവസം നടി മുറിയിൽ വിശ്രമിക്കുമ്പോൾ അലൻസിയർ അകാരണമായി വാതിലിൽ നിന്നു മുട്ടി. അലൻസിയറിൽ നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നതിനാൽ വാതിൽ ആദ്യം തുറന്നില്ലെന്നു യുവതി പറയുന്നു.

വീണ്ടും വാതിൽ മുട്ടി വിളിയ്ക്കുന്നതു തുടർന്നപ്പോൾ യുവതി സംവിധായകനെ ഫോണിൽ വിളിച്ചു. ആ കോൾ കട്ട് ചെയ്യാതെ തന്നെ വാതിൽ തുറക്കുകയും ചെയ്തു.

വാതിൽ തുറന്നതും അലൻസിയർ മുറിയിൽ കയറി വാതിലടച്ചു. കിടക്കയിലിരുന്ന് തന്റെ തിയറ്റർ തിയറികൾ ആവർത്തിക്കാൻ തുടങ്ങി. അപ്പോഴേക്കും സഹസംവിധായകൻ വന്നു അലൻസിയറിന്റെ ഷോട്ട് ആയെന്ന് അറിയിച്ചു. അങ്ങെയാണ് ആ സാഹചര്യത്തിൽ നിന്നു രക്ഷപ്പെട്ടതെന്ന് യുവനടി വിവരിക്കുന്നു.

ഷൂട്ടിങ്ങിനിടയിൽ പല തവണ അലൻസിയർ ലൈംഗികചുവയോടെ സംസാരിക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നും യുവനടി ആരോപിക്കുന്നു. താനൊരു പുതുമുഖമാണെന്നും നിരവധി മാനസിക സമ്മർദ്ദങ്ങൾക്കിടയിലാണ് ഇങ്ങനെയൊരു തുറന്നു പറച്ചിൽ നടത്താനുള്ള ധൈര്യം ഉണ്ടായതെന്നും യുവതി വ്യക്തമാക്കി. സമാനമായ അനുഭവങ്ങൾ നേരിട്ടവരും മുന്നോട്ടു വരുമെന്ന പ്രതീക്ഷയും യുവനടി പങ്കു വച്ചു.

Advertisment