Advertisment

പഠനത്തില്‍ മിടുക്കികളായ പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ നല്‍കിയ മൊബൈല്‍ വിറ്റ് പിതാവിന്റെ മദ്യപാനം; മൊബൈല്‍ തട്ടിയെടുത്തത് ഭാര്യയെയും മക്കളെയും ആക്രമിച്ച്‌; പിതാവിനെ ഷാപ്പില്‍ നിന്ന് അറസ്റ്റു ചെയ്ത് പൊലീസ്‌; സംഭവം അങ്കമാലിയില്‍

New Update

publive-image

Advertisment

അങ്കമാലി: ഓണ്‍ലൈന്‍ പഠനത്തിന് മക്കള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അങ്കമാലി മുക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു(41)വിനെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. അങ്കമാലിയിലെ ഒരു ഷാപ്പില്‍ നിന്നാണ് ചൊവ്വാഴ്ച ഇയാളെ പിടികൂടിയത്.

ഇയാളുടെ മൂന്ന് പെണ്‍കുട്ടികളും പഠനത്തില്‍ മിടുക്കികളാണ്. ഇത്തവണ പ്ലസ് ടു പാസായ മൂത്ത കുട്ടിയും പത്ത് പാസായ രണ്ടാമത്തെയാളും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇളയ മകളും പഠനത്തില്‍ മിടുക്കിയാണ്.

പഠനത്തില്‍ മിടുക്കികളായ സഹോദരിമാര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാരാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. സ്ഥിരം മദ്യപാനിയായ സാബു മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ ഈ ഫോണ്‍ തട്ടിയെടുത്ത് വില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണിനായി ഇയാള്‍ ഭാര്യയെയും മക്കളെയും ആക്രമിച്ചു. ഇതറിഞ്ഞ അയല്‍ക്കാര്‍ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വീട് വിട്ടിറങ്ങിയ സാബു മൊബൈല്‍ വില്‍ക്കുകയായിരുന്നു.

ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് ഷാപ്പില്‍ നിന്ന് പിടികൂടിയത്. ബാലനീതി വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment