Advertisment

മാവോയിസ്റ്റ് കൊലപാതകം: നാല് പേര്‍ക്കും വെടിയേറ്റത് അകലെ നിന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മധുര: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾക്കാട്ടിൽ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

കൊല്ലപ്പെട്ട മാവോവാദി നേതാവ് മണിവാസകത്തിന്റെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ഒന്ന് ശിരസില്‍ നിന്നും രണ്ടെണ്ണം ശരീര ഭാഗങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കിയിരുന്നു. സേന തിരിച്ചടിച്ചത് അതിന് ശേഷമാണ്. മാവോയിസ്റ്റുകളുടെ പക്കല്‍ ആധുനിക ആയുധങ്ങളുണ്ടായിരുന്നുവെന്നും ഐജി പറഞ്ഞു. പൊലീസിന് പുറമേ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇന്നലെ വെടിവയ്പ് നേരിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രാകൃത നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നേരത്തേ സിപിഐ ആരോപിച്ചിരുന്നു. പൊലീസുകാരില്‍ ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നതിന്റെ കാരണം ഇതാണെന്നും എകെ-47 തോക്ക് മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നാളെ പാലക്കാട് കോടതിയെ സമീപിക്കും. ഇപ്പോൾ നടക്കുന്ന പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്ക് ഇവർ രേഖാമൂലം അപേക്ഷ നൽകി.

Advertisment