Advertisment

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട: മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതശരീരം സംസ്കരിക്കരുതെന്ന് ഹർജി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

മധുര: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾക്കാട്ടിൽ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതശരീരം സംസ്കരിക്കരുതെന്ന് ഹർജി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

മണിവാസകത്തിന്റെ സഹോദരന്റെ മകൻ അൻമ്പരസ്സനാണ് ഹർജി നൽകിയിരിക്കുന്നത്. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസിൽ ട്രിച്ചി ജയിലിലാണ്. ഇവർക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മാനുഷികമായ അവകാശമുണ്ടെന്നും, ഇവർക്ക് പരോൾ ലഭിക്കുന്നത് വരെ കേരളാ പൊലീസിന്റെ തുടർ നടപടികൾ തടയണം എന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ കോടതി പരിഗണിക്കും.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നാളെ പാലക്കാട് കോടതിയെ സമീപിക്കും. ഇപ്പോൾ നടക്കുന്ന പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്ക് ഇവർ രേഖാമൂലം അപേക്ഷ നൽകി.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട്, ബന്ധുക്കൾ ആദ്യം ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിരുന്നു. അദ്ദേഹം ഇതനുവദിച്ചു. ഇത് പ്രകാരം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചുവെന്നാണ് ഇവർക്ക് ലഭിച്ച മറുപടി.

ഇതോടെയാണ് ഈ പോസ്റ്റ്മോർട്ടത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചത്. പൊലീസ് പറയുന്ന ഏറ്റുമുട്ടൽ കൊലയെന്ന വാദത്തിൽ വിശ്വാസമില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു. സംഭവത്തിലെ തെളിവ് ശേഖരണം മുഖ്യമായും പോസ്റ്റ്മോർട്ടത്തിൽ നിന്നാണെന്നിരിക്കെ തങ്ങൾ കാണുന്നതിന് മുൻപ് മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചതിൽ സംശയമുണ്ടെന്നും ഇവർ പറഞ്ഞു.

Advertisment