Advertisment

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽ അലഞ്ഞു നടന്ന ബാലന്‍ പിന്നീട് ലോക ഫുട്‌ബോളിലെ കിരീടം വയ്‌ക്കാത്ത രാജാവായി മാറി. മയക്കുമരുന്നിന് അടിമയായപ്പോള്‍ ജീവിതം കൈവിട്ടെങ്കിലും വിവാദങ്ങളിലൂടെ താരമായി. ബോബി ചെമ്മണ്ണൂര്‍ വഴി കേരളവുമായും ആത്മബന്ധം ! - അന്തരിച്ച മറഡോണയുടെ ജീവിതം കളിയേക്കാള്‍ വലിയ യാഥാര്‍ഥ്യം !

New Update

publive-image

Advertisment

ബ്യൂനസ് ഐറിസ് ∙ ലോക ഫുട്ബോൾ ചരിത്രത്തില്‍ ഇങ്ങനൊരു ജീവിതം ഉണ്ടായിട്ടില്ല. ലോക ഫുട്ബോളിന് പകരം വയ്ക്കാനില്ലാത്ത ഇതിഹാസമായിരുന്നു ഡീഗോ അർമാൻഡോ മറഡോണ(60).

തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ഏതാനും ദിവസം മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ബുധനാഴ്ച രാത്രിയോടെ ഹൃദയാഘാദത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.

80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽ അലഞ്ഞു നടന്ന കൌമാരക്കാരന്‍ പിന്നീട് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവായി മാറിയതാണ് ഡിയേഗോ മറഡോണ എന്ന ഇതിഹാസം.

അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി (Lanus)ൽ 1960 ഒക്‌ടോബർ 30 ന് ഒരു ദരിദ്ര കുടുംബത്തില്‍ ആയിരുന്നു മറഡോണയുടെ ജനനം. നഗ്നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമായിരുന്നു മറഡോണയുടെ ബാല്യം .

പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27 നു ഹംഗറിക്കെതിരായ മൽസരത്തോടെയാണ് രാജ്യാന്തര അരങ്ങേറ്റം. മിഡ്‌ഫീൽഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. മറഡോണ നായകനായിരിക്കെയാണ് 1978ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുന്നത് . 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.

1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.

publive-image

കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന അദ്ദേഹം വിത്ഡ്രോവൽ സിൻഡ്രം ( ‘പിൻവാങ്ങൽ ലക്ഷണങ്ങൾ’ ) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായ വിടവാങ്ങല്‍ .

1986 ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്.

ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു.

publive-image

2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. മെക്സിക്കോയിലെ രണ്ടാം ഡിവിഷൻ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനാണിപ്പോൾ മറഡോണ.

2000 ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയ്ക്കായിരുന്നു. 78,000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്‌ക്ക് 26,000 വോട്ടുകളേ കിട്ടിയിരുന്നുള്ളു.

publive-image

മറഡോണയ്ക്ക് കേരളവുമായുള്ള ബന്ധം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വഴിയാണ്. ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന മറഡോണ ഈ ഗ്രൂപ്പിന്‍റെ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയത്.

അന്ന് കേരളത്തിലെ കായിക പ്രേമികള്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്തത്ര ആവേശത്തിലായിരുന്നു മറഡോണയെ സ്വീകരിച്ചത്. ഇന്നും കേരളത്തില്‍ ഏറ്റവും ആരാധകരുള്ള താരവും മറഡോണ തന്നെ .

Advertisment