Advertisment

പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ ജീവിതം ; അല്‍പ സമയം ശബ്ദം കേള്‍ക്കാതിരുന്നാല്‍ തോമസ് നീട്ടിവിളിക്കും...മറിയാമ്മേ.....; അപ്പച്ചന്‍ വിഷമിക്കേണ്ട, വീട്ടിലെത്തിയാലുടന്‍ ഇഷ്ടപ്പെട്ട കപ്പയും മീനും ഉണ്ടാക്കി തരാമെന്ന് തോമസിനെ ആശ്വസിപ്പിച്ച് മറിയാമ്മയും ; കൊറോണ പോലും തോറ്റ് തുന്നംപാടിയ ആ സ്‌നേഹത്തിന്റെ കഥ ഇങ്ങനെ..

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : കോവിഡ്19 രോഗത്തെ അതിജീവിച്ച രാജ്യത്തെ ഏറ്റവും മുതിർന്ന ദമ്പതികളാണ് 93 വയസുകാരനായ പത്തനംതിട്ട റാന്നി സ്വദേശി തോമസും ഭാര്യ 88കാരിയായ മറിയാമ്മയും. കോവിഡ് രോഗത്തിനു പുറമെ ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെയും അതിജീവിച്ചാണ് തോമസ് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചു വന്നത്. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ മറിയാമ്മയും അതിജീവിച്ചു. അപൂർവങ്ങളിൽ അപൂര്‍മായ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്.

Advertisment

publive-image

മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനുള്ളിൽ മൂന്നാഴ്ചയ്ക്കു ശേഷം നഴ്സുമാർ കൈപിടിച്ച് നടത്തിയപ്പോൾ മറിയാമ്മ നേരെ നടന്നെത്തിയത് ഭർത്താവ് തോമസിന്റെ കിടക്കയ്ക്കരികിലേക്കാണ്. ‘അപ്പച്ചൻ വിഷമിക്കേണ്ട. വീട്ടിലെത്തിയാൽ ഉടൻ ഇഷ്ടപ്പെട്ട കപ്പയും മീനും ഉണ്ടാക്കിത്തരാം. അവിടെ മക്കളും കൊച്ചുമക്കളും നമ്മളെ കാത്തിരിക്കുന്നുണ്ട്...’ ഇതു കേട്ടതോടെ തോമസിന്റെ മുഖവും വിടർന്നു. തങ്ങൾക്ക് എപ്പം പോവാമെന്നായി തോമസിന്റെ ചോദ്യം. ഇന്നു പോകാൻ കഴിഞ്ഞേക്കുമെന്ന് അറിഞ്ഞതോടെ ഇരുവർക്കും ഏറെ സന്തോഷം.

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബത്തിനാണ് ആദ്യമായി കോവിഡ് രോഗം കണ്ടെത്തിയത്. ഇവരുമായി അടുത്തിടപഴകിയതിനെ തുടർന്ന് കോവിഡ് സ്ഥിരീകരിച്ച മാതാപിതാക്കളാണിവർ. മാർച്ച് 8ന് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതോടെ 9ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് കൊറോണ വാർഡിൽ അഡ്മിറ്റ് ചെയ്തു. പ്രമേഹവും രക്തസമ്മർദ്ദവും ഉയർന്നതോടെ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.

തോമസിന് ആദ്യദിവസങ്ങളിൽ തന്നെ നെ‍ഞ്ചു വേദന ഉണ്ടെന്നു മനസിലാക്കിയതോടെ ഹൃദ്രോഗ സംബന്ധമായ ചികിത്സകൾ ലഭ്യമാക്കി. ഇരുവരെയും മെഡിക്കൽ ഐസിയുവിലെ പ്രത്യേക മുറികളിലാണ് പാർപ്പിച്ചത്. ഓരോ മുറികളിലും തനിച്ച് താമസിപ്പിച്ചതിനാൽ ഇരുവരും അസ്വസ്ഥരായി. ഇതോടെ ഇരുവർക്കും പരസ്പരം കാണാൻ കഴിയുന്ന വിധം ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഹൃദ്രോഗമുണ്ടായതിനെ തുടർന്ന് തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. ഇരുവർക്കും മൂത്രസംബന്ധമായ അണുബാധയും ഉണ്ടായി. 4 ദിവസത്തിനു ശേഷമാണ് തോമസിനെ വെന്റിലേറ്ററിൽ നിന്നു മാറ്റിയത്.

ആരോഗ്യ നില മെച്ചപ്പെട്ടതിനു ശേഷം വീണ്ടും കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ‌ ഫലം നെഗറ്റീവായി. ഇന്നലെ ലഭിച്ച പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെയാണ് ഇന്നു ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. പകർച്ചവ്യാധി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇരുവർക്കും ചികിത്സകൾ ‍ലഭ്യമാക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ ‍ചികിത്സയിൽ കഴിയുമ്പോഴും ഇരുവരുടെയും പരസ്പര സ്നേഹം മാതൃകാപരമാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരും പറയുന്നത്. 2സ്ഥലങ്ങളിലായിട്ടാണ് ഇരുവരെയും കിടത്തിയിരുന്നത്.

അൽപസമയം ശബ്ദം കേൾക്കാതിരുന്നാൽ തോമസ് മറിയാമ്മേ എന്നു നീട്ടി വിളിക്കും. അതു പോലെ മറിയാമ്മയും തോമസിനെ വിളിച്ചു കൊണ്ടിരിക്കും. ഭക്ഷണം ആദ്യം തോമസിന് കൊടുത്താ‍ൽ മറിയാമ്മയ്ക്ക് കൊടുത്തോ അവൾ കഴിച്ചോ എന്നു തിരക്കും. തിരിച്ച് മറിയാമ്മയും. തോമസ് ഭക്ഷണം കഴിച്ചതിനു ശേഷമേ മറിയാമ്മ കഴിക്കുമായിരുന്നുള്ളൂ. ആശുപത്രിയിൽ നിന്നു നൽകുന്ന പൊടിയരി കഞ്ഞിയും ബ്രഡും പലപ്പോഴും തോമസിന് ഇഷ്ടപ്പെടാറില്ല. കപ്പയും മീനും വേണമെന്ന് വാശി പിടിച്ചു കിടക്കുമ്പോൾ മറിയാമ്മ ഇടപെടും. വീട്ടിൽ ചെന്ന ശേഷം ഇഷ്ടപ്പെട്ട ഭക്ഷണം നമുക്ക് കഴിക്കാമെന്ന് മറിയാമ്മ പറയുന്നതോടെ തോമസിന്റെ പിണക്കം മാറും.

മക്കളോടും കൊച്ചുമക്കളോടുമെന്ന പോലെയാണ് ഇരുവരും വാർഡിലെ നഴ്സുമാരോടും ഡോക്ടർമാരോടും പെരുമാറിയിരുന്നത്. വീട്ടിലെ വിശേഷങ്ങളും മക്കളുടെ കാര്യങ്ങളും ഇവരുമായി ഇരുവരും പങ്കു വെയ്ക്കും. രോഗം ബാധിച്ചപ്പോഴുണ്ടായ മാനസിക വിഷമം മൂലം മരിച്ചാൽ മതിയെന്നു പോലും തോന്നിയതായി ഇവർ പറഞ്ഞു. ഇതു കേൾക്കുമ്പോൾ എല്ലാം നല്ലതിനു വേണ്ടിയല്ലേ അച്ചായാ എന്നു മറിയാമ്മ സമാധാനിപ്പിക്കും. ആശുപത്രിയുടെ പരിചരണവും പ്രാർഥനയുമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്നാണ് ഇരുവരും പറയുന്നത്.

 

corona patient
Advertisment