Advertisment

എറണാകുളം നോര്‍ത്തില്‍ പേടി സ്വപ്‌നവുമായി മരിയാര്‍ ഭൂതം; ശിക്ഷ കഴിഞ്ഞിറങ്ങി, 40 വര്‍ഷത്തിനിടെ നടത്തിയത് 400 ലധികം മോഷണം; നാട്ടുകാര്‍ പേടിക്കുന്ന 'മരിയാര്‍ ഭൂതം' ആര്‌ ?

New Update

കൊച്ചി: മരിയാർ പൂതത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ അതിർത്തിയാണ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെങ്കിലും വർഷങ്ങളായി ഇവിടെ മാത്രമാണ് മോഷണം നടത്തുന്നത്. മതിൽ ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാർ ഭൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണ് താത്പര്യം. പിടിച്ചാലുടൻ കുറ്റസമ്മതം നടത്തും. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ പഴയ ജോലി തന്നെ.

Advertisment

publive-image

കഴിഞ്ഞ മെയിൽ പിടികൂടി ജയിൽ ശിക്ഷ പൂർത്തിയാക്കി ഇറങ്ങിയതോടെ വീണ്ടും ഭൂതം പണിതുടങ്ങി. പല സ്ഥലത്തു വച്ചും നാട്ടുകാർ ഇയാളെ കണ്ടിട്ടുണ്ട്. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. കഴിഞ്ഞയാഴ്ച പോലീസിന് മുഖാമുഖം എത്തിയതാണ്. പെട്ടെന്ന് മതിൽ ചാടി അതിവേഗം കടന്നു കളഞ്ഞു.

നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ കാണാപ്പാഠമാണ് ഇയാൾക്ക്. അതുകൊണ്ട് അതിവേഗം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് രക്ഷപെടാൻ കഴിയും. പണ്ട് ഒരിക്കൽ പിടികൂടിയപ്പോൾ നോർത്ത് സ്റ്റേഷനിലെ എസ്.ഐ. മർദ്ദിച്ചുവത്രേ.

' തല്ലിയാൽ സാറിന് പണിയാകും' എന്ന മുന്നറിയിപ്പ് പരിഗണിക്കാതെയായിരുന്നു മർദ്ദനം. അതിന് ശേഷം നോർത്ത് സ്റ്റേഷനിലെ പോലീസിന് വിശ്രമം കിട്ടിയിട്ടില്ലെന്നും കഥയുണ്ട്.

ആരാണ് മരിയാർ ഭൂതം?

കേരളത്തിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാർ ഭൂതം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങളായി. തമിഴ്‌നാട്ടിൽ മരിയാർ ഭൂതം എന്നറിയപ്പെടുന്ന ചെന്നൈ വെപ്പേരി പുരൈസവാക്കം സ്വദേശി ഗോപി എന്ന ലോറൻസ് ഡേവിഡ് (72) ആണ് പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റുന്നത്.

40 വർഷത്തിലേറെയായി മോഷണം നടത്തിവന്ന കൊടുംകുറ്റവാളിയാണ് ഇയാൾ. തമിഴ്‌നാട്ടിൽ അഞ്ച് വട്ടം ഗുണ്ടാ ആക്ട് പ്രകാരം തടവിൽ കഴിഞ്ഞിരുന്ന ഇയാൾ വിവിധ കേസുകളിൽ 20 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018 നവംബറിൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാൾ കേരളത്തിലേക്ക് എത്തി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലായി മോഷണം നടത്തിവരികയായിരുന്നു.

എറണാകുളത്ത് നോർത്ത്, സൗത്ത്, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലും തിരുവനന്തപുരം വഞ്ചിയൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇയാളെ പിടികൂടാൻ പല തവണ പല ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. ഫെയ്സ്ബുക്കിൽ പരസ്യം നൽകിയും മറ്റും പ്രതിയെ പിടികൂടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. 2019 മെയിൽ പട്രോളിങിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.

robbery case mariyar bhootham
Advertisment