Advertisment

അതിക്രൂരമായ കുറ്റകൃത്യം ; ഒരു തവണ അടിച്ചാൽ പോലും മരിക്കാമെന്നിരിക്കെ രണ്ടുപേരുടെയും മരണം ഉറപ്പാക്കാൻ തുടരെ അടിച്ചു ; ഇത്രയും ക്രൂരമായി കൊലപ്പെടുത്താൻ തക്ക കാരണമില്ല ; ചെയ്ത കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും സുധീഷിനു നല്ല ധാരണയുണ്ടെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

New Update

ആലപ്പുഴ : അതിക്രൂരമായ കുറ്റകൃത്യം എന്ന ഒറ്റ തിരിച്ചറിവാണ്‌ പല്ലാരിമംഗലം ഇരട്ടക്കൊല കേസിലെ പ്രതിക്കു വധശിക്ഷ വിധിക്കാൻ കോടതി പരിഗണിച്ചിട്ടുള്ളതെന്ന്‌ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ സി.വി.ലുമുംബ പറഞ്ഞു.

Advertisment

ഒരു തവണ അടിച്ചാൽ പോലും മരിക്കാമെന്നിരിക്കെ പ്രതി രണ്ടുപേരുടെയും മരണം ഉറപ്പാക്കാൻ തുടരെ അടിച്ചു. ദൃക്സാക്ഷിയായ കുട്ടിയുടെ മാനസികാവസ്ഥയും കോടതി പരിഗണിച്ചു. ഇത്രയും ക്രൂരമായി കൊലപ്പെടുത്താൻ തക്ക കാരണമില്ല.

publive-image

ശശികലയെ അസഭ്യം പറഞ്ഞതു ബിജു ചോദ്യം ചെയ്തതു മാത്രമാണു കാരണം. കുറ്റക്കാരനെന്നു കണ്ടെത്തിയപ്പോഴും ശിക്ഷ വിധിച്ചപ്പോഴും പ്രതിക്ക് ഒന്നും പറയാനില്ലായിരുന്നു. കടുത്ത ശിക്ഷ കിട്ടുന്ന പ്രതികൾ സാധാരണയായി ഭാര്യയ്ക്കും മക്കൾക്കും മറ്റാരും ആശ്രയമില്ല, പ്രായമേറിയ മാതാപിതാക്കളുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിളവ് അഭ്യർഥിക്കാറുണ്ട്.

ഇവിടെ അതൊന്നുമുണ്ടായില്ല. പ്രതി സുധീഷ് വക്കീൽ ഗുമസ്തനായിരുന്നു. ചെയ്ത കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും സുധീഷിനു നല്ല ധാരണയുണ്ടെന്നും ലുമുംബ പറഞ്ഞു.

കൊല്ലപ്പെട്ട ബിജുവിന്റെയും ശശികലയുടെയും മകൻ ദേവനും അയൽക്കാരി അനിതയുമാണു കേസിലെ പ്രധാന സാക്ഷികൾ. ദേവൻ സംഭവത്തിനു ദൃക്സാക്ഷിയാണ്. മൃഗങ്ങളെ അടിക്കുന്നതു പോലെ സുധീഷ് എന്തിലോ അടിക്കുന്ന ശബ്ദം കേട്ടെന്നും പിന്നീടു നോക്കിയപ്പോൾ ബിജുവും ശശികലയും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടെന്നും അനിത മൊഴി നൽകിയിരുന്നു. ദേവന്റെ മൊഴി കോടതി പൂർണമായും സ്വീകരിക്കുകയായിരുന്നു.

നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും ഒരുപോലുള്ള കേസാണിത്. കൃത്യം കണ്ട സാക്ഷികൾ ദേവനും അനിതയും നൽകിയ മൊഴിയാണു നേരിട്ടുള്ള പ്രധാന തെളിവുകൾ. സുധീഷ് ശല്യം ചെയ്തെന്നു ശശികല അനിതയോടു പറഞ്ഞിരുന്നു. പിന്നീടാണ് അടിക്കുന്ന ഒച്ച കേട്ടത്. കൊലപാതകത്തിനു ശേഷം സുധീഷ് നടന്നു പോകുന്നത് അടുത്തുള്ള വീട്ടുകാർ കണ്ടിരുന്നു.

അവരും സാക്ഷികളാണ്. മുൻപും സുധീഷ് ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണു പ്രധാന സാഹചര്യ തെളിവുകൾ. സുധീഷിന്റെ ശല്യം കാരണം സ്ഥലം വിൽക്കാൻ ബിജുവും ശശികലയും തീരുമാനിച്ചിരുന്നു. ഇതിനായി ഒരു അഭിഭാഷകനെക്കൊണ്ടു കരാർ എഴുതിക്കുകയും ചെയ്തു. ഈ അഭിഭാഷകനും സാക്ഷിയാണ്.

Advertisment