Advertisment

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മേധാവിയായി ലഫ്റ്റനന്റ് ജനറൽ രഘു ശ്രീനിവാസൻ ചുമതലയേറ്റു

New Update
RAKHU

ഡല്‍ഹി: ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ രഘു ശ്രീനിവാസന്‍ ചുമതലയേറ്റു.

Advertisment

 ബിആര്‍ഓയുടെ 28-ാമത് ഡയറക്ടര്‍ ജനറലാണ് രഘു ശ്രീനിവാസന്‍. ലഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരിയുടെ സ്ഥാനാരോഹണത്തെ തുടര്‍ന്നാണ് രഘു ശ്രീനിവാസന്‍ ചുമതലയേറ്റത്. പൂനെയിലെ കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗിലെ കമാന്‍ഡന്റ് നിയമന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം .

ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് രഘു ശ്രീനിവാസന്‍. 1987-ല്‍ കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സിലേക്ക് കമ്മീഷന്‍ ചെയ്തു. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ രക്ഷക്, ഓപ്പറേഷന്‍ പരാക്രം എന്നിവയില്‍ പങ്കാളിയായിരുന്നു. 

അതിര്‍ത്തി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ലഡാക്ക്, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, ഹയര്‍ കമാന്‍ഡ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം 58 എഞ്ചിനീയര്‍ റെജിമെന്റിന്റെ കമാന്‍ഡും 416 എഞ്ചിനീയര്‍ ബ്രിഗേഡ് നിയമനവും ഉള്‍പ്പെടെ തന്റെ കരിയറില്‍ നിരവധി പ്രധാന കമാന്‍ഡുകളും സ്റ്റാഫ് നിയമനങ്ങളും നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മിലിട്ടറി അഡൈ്വസറി ടീം, ലുസാക്ക, സാംബിയ, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് എന്നിവിടങ്ങളില്‍ ഇന്‍സ്ട്രക്ടറായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് രാജ്യം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ചുമതലയേറ്റ ശേഷം ബിആര്‍ഒ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച അദ്ദേഹം അതിര്‍ത്തി പ്രദേശങ്ങളിലെ ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ സുപ്രധാന റോഡുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നല്‍കി വികസനം സാധ്യമാക്കിയതിനുള്ള അഭിനന്ദനം അറിയിച്ചു. 

വടക്ക്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍  അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക,  ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യത്തോടെ 1960 മെയ് 07 ന് ബി ആര്‍ ഒ രൂപീകരിച്ചത്. ബിആര്‍ഒ നിര്‍മ്മിച്ച 63,000 കിലോമീറ്റര്‍ റോഡുകളും 976 പാലങ്ങളും ആറ് തുരങ്കങ്ങളും 21 എയര്‍ഫീല്‍ഡുകളും ഇതിനോടകം രാജ്യത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 

 

 

Advertisment