Advertisment

'സര്‍ക്കാരില്‍ നിന്ന് നിരന്തര വെല്ലുവിളി': ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടി

New Update
embassy

ഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തരമായ വെല്ലുവിളികള്‍ കാരണമാണ് അടച്ചുപൂട്ടുന്നതെന്ന് എംബസി അറിയിച്ചു. ഇത് നവംബര്‍ 23ന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്താവന. സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Advertisment

'സെപ്തംബര്‍ 30 ന് എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം,' പ്രസ്താവനയില്‍ പറയുന്നു.  

ഈ നീക്കത്തെ താലിബാനിലേക്ക് കൂറ് മാറിയ നയതന്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഒരു ആഭ്യന്തര സംഘര്‍ഷമായി മുദ്രകുത്താന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നത് അറിയാം. പക്ഷേ ഈ തീരുമാനം നയത്തിലും താല്‍പ്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമാണ്', എംബസി പറഞ്ഞു. 

'ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരോട്, ഞങ്ങളുടെ ദൗത്യത്തിന്റെ കാലയളവിലുടനീളം അവരുടെ ധാരണയ്ക്കും പിന്തുണയ്ക്കും എംബസി ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു,' എംബസി കൂട്ടിച്ചേര്‍ത്തു.

പരിമിതികള്‍ ഉണ്ടായിരുന്നിട്ടും കാബൂളില്‍ നിയമാനുസൃതമായ ഒരു ഗവണ്‍മെന്റിന്റെ അഭാവത്തിലും അശ്രാന്തമായി പ്രവര്‍ത്തിച്ചതായും അഫ്ഗാന്‍ എംബസി പറഞ്ഞു.

നേരത്തെ ഒക്ടോബര്‍ ഒന്നിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി എംബസി പ്രസ്താവന ഇറക്കിയിരുന്നു. 'അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്,' പ്രസ്താവനയില്‍ പറഞ്ഞു.

ആതിഥേയ സര്‍ക്കാരില്‍ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാന്‍ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും എംബസി അറിയിച്ചു.

Advertisment