Advertisment

ബില്‍ക്കിസ് ബാനു കേസ്: കീഴടങ്ങാന്‍ സാവകാശമില്ല, 11 പ്രതികളുടേയും അപേക്ഷ തള്ളി സുപ്രീംകോടതി

New Update
bilkis

ഡല്‍ഹി: കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളുടെയും അപേക്ഷ സുപ്രീം കോടതി തള്ളി. കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉന്നയിച്ച കാരണങ്ങളില്‍ കഴമ്പില്ലെന്ന് കോടതി പറഞ്ഞു.

Advertisment

ജനുവരി 8ലെ വിധിയനുസരിച്ച് കോടതി നിശ്ചയിച്ച യഥാര്‍ത്ഥ സമയപരിധിയായ ജനുവരി 21നകം കുറ്റവാളികള്‍ ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണം. ജസ്റ്റിസ് ബിവി നാഗരത്ന ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. 

ആരോഗ്യപ്രശ്‌നങ്ങള്‍, കാര്‍ഷിക വിളവെടുപ്പ്, മകന്റെ വിവാഹം, പ്രായമായ മാതാപിതാക്കള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ പറഞ്ഞിരുന്നത്. 

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്.

പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Advertisment