Advertisment

മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്

New Update
soumya-viswanath.jpg

ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചക്ക് 2.30 നാണ് വിധി പ്രസ്താവിക്കുന്നത്. കേസിൽ ഇരുകക്ഷികളുടെയും വാദം പൂർത്തിയായി. പരമാവധി വധശിക്ഷയോ, അതല്ലെങ്കിൽ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷം ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

Advertisment

2008 സെപ്തംബർ 30 നാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞ് സൗമ്യ വീട്ടിലേക്ക് മടങ്ങവേയാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. നെൽസൺ മണ്ഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. കേസിൽ പ്രതികളായ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തിൽ പങ്കാളികളാണെന്നും കുറ്റക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2009ലാണ് പ്രതികൾ എല്ലാവരും പിടിയിലാകുന്നത്. എന്നാല്‍ വിചാരണ നീണ്ടുപോവുകയായിരുന്നു. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പോലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.

15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് സൗമ്യയുടെ മാതാപിതാക്കള്‍ മുമ്പ് പ്രതികരിച്ചിരുന്നു. വധശിക്ഷയ്‌ക്ക് ഞങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാണ്. ഞങ്ങൾ അനുഭവിച്ചത് അവരും അറിയണം. സൗമ്യയുടെ മരണശേഷം ഞങ്ങൾ ആകെ തളർന്നെന്നുമാണ് മാതാപിതാക്കൾ വ്യക്തമാക്കിയത്.

soumya viswanath
Advertisment