Advertisment

ഗവർണർക്കെതിരായി വിവിധ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ നായക സ്ഥാനം ഏറ്റെടുത്ത് കേരളം. ബില്ലിൽ ഒപ്പിടാൻ സമയം നിശ്ചയിക്കണമെന്നും ഗവർണർ പരാജയപ്പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും സുപ്രീംകോടതിയിൽ കേരളം. നിയമസഭയ്ക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം. വ്യക്തിപരമായ എതിർപ്പ് പറഞ്ഞ് ബില്ലുകൾ ഒപ്പിടാതിരിക്കാനാവില്ല. കോടതി ഉത്തരവ് ചരിത്രമാവും

ആദ്യമായാണ് ഇത്തരമൊരു നീക്കം കേരളം നടത്തുന്നത്. തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളും ഗവർണർമാർക്കെതിരായി കേസുമായി സുപ്രീംകോടതിയിലുണ്ട്. നേരത്തേ കേരളത്തിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് 7 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ചതാണ് സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചത്. 

New Update
arif mohammad khan

ഡൽഹി: രാജ്യത്ത് ബി.ജെ.പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാർക്കെതിരായുള്ള പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുകയാണ് കേരളം. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിക്കണമെന്നും കേരളാ ഗവർണറെ ഭരണഘടനാപരമായി പരാജയപ്പെട്ട ആൾ എന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. 

Advertisment

ആദ്യമായാണ് ഇത്തരമൊരു നീക്കം കേരളം നടത്തുന്നത്. തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളും ഗവർണർമാർക്കെതിരായി കേസുമായി സുപ്രീംകോടതിയിലുണ്ട്. നേരത്തേ കേരളത്തിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് 7 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ചതാണ് സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചത്. 


രാഷ്ട്രപതിയുടെ പരിഗണനയിലുള്ള  ബില്ലുകളിൽ കേന്ദ്രനിലപാടിന് വിരുദ്ധമായൊരു തീരുമാനമുണ്ടാവില്ല. മാത്രമല്ല, രാഷ്ട്രപതി പരിഗണിക്കുന്നതിനാൽ കോടതിയില്‍ ചോദ്യം ചെയ്തിട്ടും ഫലമില്ല. ബില്ലുകൾ കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാൻ രാഷ്ട്രപതിക്ക് കൈമാറാൻ നിയമസഭയോ നിയമസെക്രട്ടറിയോ ശുപാർശ ചെയ്യേണ്ടതുണ്ട്. 

ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിലും അത്തരമൊരു ശുപാർശയില്ല. മാത്രമല്ല, നിയമഭേദഗതിക്ക് നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ഇവയൊന്നും കേന്ദ്രനിയമത്തിന് വിരുദ്ധമല്ലെന്നും ബില്ലുകൾക്കൊപ്പം നിയമസെക്രട്ടറി പ്രത്യേക കുറിപ്പും നൽകിയിട്ടുണ്ട്.

ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെയോ നിയമവകുപ്പിന്റെയോ സർട്ടിഫിക്കറ്റ് സഹിതമായിരിക്കണമെന്നാണ് ചട്ടം. രാഷ്ട്രപതിയുടെ പരിഗണയ്ക്ക് വിടാനുള്ള കാരണമെന്താണെന്ന് വിശദമാക്കുന്ന മെമ്മോറാണ്ടവും അതോടൊപ്പമുണ്ടാവണം. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഗവർണർ ബില്ലുകൾ അയയ്ക്കുക. അവിടത്തെ പരിശോധനയ്ക്ക് ശേഷമാവും ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയയ്ക്കുക. 


സർക്കാരിന്റെ ശുപാർശയില്ലാതെ ബില്ലുകൾ അയച്ചാൽ നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം അവ പരിഗണിക്കാതെ തിരിച്ചയയ്ക്കും. കേസിന്റെ പശ്ചാത്തലത്തിൽ തിരിച്ചയയ്ക്കൽ ഉടനുണ്ടാവില്ല. അപ്പോഴേക്കും കേസ് അവസാനിച്ചിരിക്കും - ഇതാണ് ഗവർണറുടെ കണക്കുകൂട്ടൽ.


നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കുള്ള അധികാരം ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരമാണ്. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടൽ, ബില്ലിന് അംഗീകാരം നൽകാതെ തടഞ്ഞുവയ്ക്കൽ, പുന:പരിശോധനയ്ക്ക് ബിൽ നിയമസഭയ്ക്ക് തിരിച്ചയക്കുക എന്നിവ ഏത് സാഹചര്യങ്ങളിലാകാമെന്ന് സുപ്രീംകോടതി മാർഗരേഖയിറക്കണമെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഭേദഗതി ഹർജിയിൽ ആവശ്യപ്പെട്ടു. 

ബില്ലുകളിൽ എത്രയും വേഗം തീരുമാനമെടുക്കണം എന്ന ഭരണഘടനാ വ്യവസ്ഥ വ്യക്തതയോടെ വ്യാഖ്യാനിക്കണമെന്നും, ഗവർണർക്ക് സയമപരിധി നിശ്ചയിക്കണമെന്നും സർക്കാർ അഭിഭാഷകൻ സി.കെ. ശശി മുഖേന സമർപ്പിച്ച ഭേദഗതി ഹർജിയിൽ കേരളം ആവശ്യപ്പെട്ടു. 

ചീഫ് സെക്രട്ടറി വി. വേണു, പേരാമ്പ്രയിലെ സി.പി.എം എം.എൽ.എ ടി.പി. രാമകൃഷ്ണനും നവംബർ ഒന്നിന് സമർപ്പിച്ച ഹർജിയിലാണിത്. റിട്ട് ഹർജി ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നവംബർ 29ന് അനുമതി നൽകിയിരുന്നു. ജനുവരി എട്ടിന് കേസ് പരിഗണിക്കും.  

ഗവർണർമാർ ബില്ലുകളിൽ അടയിരിക്കുന്നത്  ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. നിയമസഭകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം. രാജ്യത്തെ പരമോന്നത കോടതി ഇടപെടേണ്ട സമയമായി. 

മന്ത്രിസഭയോടും നിയമസഭയോടും കാരണം വ്യക്തമാക്കാതെ ബില്ലുകൾ തടഞ്ഞുവയ്ക്കാനും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും ഗവർണർക്ക് കഴിയുമോയെന്ന വിഷയമാണ് ഉയർന്നിരിക്കുന്നത്. ഗവർണർക്ക് കോടതിയോട് ഉത്തരം പറയേണ്ടതില്ലെന്ന് ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. 

എന്നാൽ, തന്നിലർപ്പിതമായ അധികാരവും കടന്നുള്ള പ്രവൃത്തികളാണ് ഗവർണറിൽ നിന്നുണ്ടാകുന്നതെങ്കിൽ കോടതിക്ക് ഇടപെടാൻ കഴിയുമെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.


ഗവർണർ ഭരണഘടനാ ഉത്തരവാദിത്തവും അധികാരവും നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പരിഗണനയിലുള്ള ആറ് ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടു. 


16 ബില്ലുകളിൽ, നവംബർ 20ന് കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ മൂന്ന് ബില്ലുകൾ മാത്രം അംഗീകരിച്ചു. ഏഴെണ്ണം രാഷ്ട്രപതിയുടെ തീരുമാനത്തിനായി വിട്ടിരിക്കുകയാണ്. ബില്ലുകൾ പരിശോധിക്കാതെയും, കാരണങ്ങൾ വ്യക്തമാക്കാതെയുമാണ് ഈനടപടി. 

ഗവർണർ നിയമസഭയുടെ ഭാഗമാണ്. എക്സിക്യൂട്ടീവിന്റെ തലവനെന്ന നിലയിൽ നിയമസഭയുമായി സഹകരിക്കാൻ ബാദ്ധ്യസ്ഥനാണ്. ബില്ലുകളിൽ അടയിരിക്കുന്നത് നിയമസഭയുടെ പ്രവർത്തനത്തെ മരവിപ്പിക്കും. വ്യക്തിപരമായി അനുകൂലമല്ല എന്ന കാരണത്താൽ മന്ത്രിസഭയുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ഗവർണർക്ക് കഴിയില്ല.

ഗവർണർ തീരുമാനമെടുക്കാതെ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകൾ ഇവയാണ് - കേരള സഹകരണ സൊസൈറ്രീസ് ഭേദഗതി ബിൽ, കേരള ക്ഷീര കർഷക ക്ഷേമഫണ്ട് ഭേദഗതി ബിൽ, അബ്കാരി ഭേദഗതി ബിൽ, കേരള കെട്ടിട നികുതി ഭേദഗതി ബിൽ, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കേരള സർക്കാർ ലാൻഡ് അസൈൻമെന്റ് ഭേദഗതി ബിൽ.

Advertisment