Advertisment

അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് കോൺഗ്രസിന് വാട്ടർലൂ. ക്ഷണമുണ്ടായിട്ടും പോയില്ലെങ്കിൽ ഹിന്ദു വിരുദ്ധ പാർട്ടിയെന്ന് ആക്ഷേപിക്കും. പോയാൽ ബി.ജെ.പിയുടെ കെണിയിൽ വീണെന്ന് കുറ്റപ്പെടുത്തും. നിലപാട് പറയാതെ കരുതലോടെ നീങ്ങാൻ കോൺഗ്രസ്. ക്ഷേത്ര ഉദ്ഘാടനത്തിന്റെ അലയൊലി കേരളത്തിലും. ചടങ്ങിൽ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും എന്ന് പാർട്ടികളെ ബി.ജെ.പി വേർതിരിക്കുമെന്ന് ലീഗ്

ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ല. ചടങ്ങിലേക്ക് പോയാലും പോയില്ലെങ്കിലും രാഷ്ട്രീയമായി ഏറെ പ്രത്യാഘാതമുണ്ടാവുമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. 

New Update
rama temple

ഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര ഉദ്ഘാടനം ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് കോൺഗ്രസിനെയാണ്. ജനുവരി 22ലെ ചടങ്ങിലേക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. 

Advertisment

ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ല. ചടങ്ങിലേക്ക് പോയാലും പോയില്ലെങ്കിലും രാഷ്ട്രീയമായി ഏറെ പ്രത്യാഘാതമുണ്ടാവുമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. 

കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളെ കെണിയിൽ വീഴ്‍ത്താനുള്ള കുരുക്കായും ഉദ്ഘാടന ചടങ്ങിനെ ബി.ജെ.പിയും മറ്റും ഉപയോഗിക്കാനുമിടയുള്ളതിനാൽ കരുതലോടെയാണ് കോൺഗ്രസ് നീക്കങ്ങൾ.

ക്ഷേത്രം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും പോയില്ലെങ്കിൽ ഹിന്ദുക്കളെയും ഹിന്ദുമതത്തെയും എതിർക്കുന്ന ഹിന്ദു വിരുദ്ധ പാർട്ടിയെന്ന് മുദ്രകുത്താൻ വഴിയൊരുക്കുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. 


ഇനി ക്ഷണം സ്വീകരിച്ച് ഉദ്ഘാടന ചടങ്ങിന് പോയാൽ അതും ബി.ജെ.പി ആയുധമാക്കും. ചടങ്ങിന് പോയാൽ ബി.ജെ.പിയുടെ കെണിയിൽ വീണെന്ന് മറ്റ് കക്ഷികളും ബിജെപിയും പ്രചരിപ്പിക്കുമെന്നാണ് ആശങ്ക. പോകാത്തവരെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കും. അതിനാൽ തന്ത്രപരമായ നിലപാടെടുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.


മതപരമായ ചടങ്ങ് ബി.ജെ.പി രാഷ്ട്രീയവൽക്കരിക്കുന്നു. ബി.ജെ.പിയുടെ ഒരു കെണിയിലും വീഴില്ല. കോൺഗ്രസിന് അഭിപ്രായമുണ്ട്. അതു പറയാൻ പാർട്ടിക്ക് തിരക്കില്ല - എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നത് ഇങ്ങനെയാണ്. 

ക്ഷണം ലഭിച്ച കോൺഗ്രസ് നേതാക്കൾ പങ്കെടുക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ശശി തരൂ‌ർ പറയുന്നത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സി.പി.എമ്മും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു, ആർ.ജെ.ഡി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളും ചടങ്ങ് ബഹിഷ്കരിക്കും. 


അതിനിടെ, രാമക്ഷേത്രമാണോ രാജ്യത്തിന്റെ പ്രധാന പ്രശ്നമെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ പരാമർശം വിവാദമായിട്ടുണ്ട്. അടിസ്ഥാനപരമായി താൻ ഭരണഘടനയെ സംരക്ഷിക്കുകയാണ്. മതം വ്യക്തിപരമായ വിഷയമാണ്. അത് ജനങ്ങൾക്ക് വിട്ടുകൊടുക്കണം. രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിച്ചില്ലെങ്കിൽ ബി.ജെ.പി 400 സീറ്രുകൾ വരെ നേടുന്ന സാഹചര്യമൊരുങ്ങുമെന്നും സാം പിത്രോദ ആരോപിച്ചു.


 കേരളത്തിലും ഇതെച്ചൊല്ലി തർക്കം മുറുകുകയാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണോ വേണ്ടയോ എന്ന് പരസ്യമായി ആവശ്യപ്പെടേണ്ടെന്ന് പാണക്കാട് ചേർന്ന മുസ്‌ലിം ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിന്റെ തീരുമാനം. 

കോൺഗ്രസിന് തീരുമാനമെടുക്കുമ്പോൾ അതിന്റേതായ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ദേശീയതലത്തിൽ വിലയിരുത്തേണ്ടിവരും. ഏറെ സെൻസിറ്റീവായ വിഷയത്തിൽ ലീഗ് നേതാക്കളുടെ പരസ്യ അഭിപ്രായ പ്രകടനവും വിലക്കി. 


കോൺഗ്രസടക്കം ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്ര തീരുമാനമെടുത്ത ശേഷം സാഹചര്യം വിലയിരുത്തി അഭിപ്രായം പറയാനാണ് ലീഗിന്റെ തീരുമാനം.


ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി രാഷ്ട്രീയ അജണ്ടയാക്കുന്നെന്ന് വിലയിരുത്തിയ യോഗം ഇക്കാര്യം മതേതരത്വ കാഴ്ചപ്പാടുള്ള പാർട്ടികൾ തിരിച്ചറിയണമെന്നും തന്ത്രത്തിൽ വീഴരുതെന്നും ആവശ്യപ്പെട്ടു. 

ഭരണഘടനാ ധാർമ്മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി വിഷയം കൈകാര്യം ചെയ്യുന്നതിൽ മതേതര കക്ഷികൾക്ക് ഒറ്റക്കെട്ടായി നിലയുറപ്പിക്കാൻ കഴിയണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോ‌ക്‌സഭ തിരഞ്ഞെടുപ്പിന്റെ ഉദ്ഘാടനമായി ബി.ജെ.പി ക്ഷേത്രോദ്ഘാടനത്തെ മാറ്റുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി  പറഞ്ഞു. 

രാമക്ഷേത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ കേവലം രാഷ്ട്രീയ പ്രചരണായുധമാക്കി മാറ്റുന്നുണ്ട്. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തേയും ആരാധനാ സ്വാതന്ത്ര്യത്തേയും ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണം. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും എന്നൊക്കെയാക്കി പാർട്ടികളെ ബി.ജെ.പി വേർത്തിരിക്കുന്നെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment