Advertisment

കണ്ണൂര്‍ സര്‍വകലാശാലാ വിസി;. നിയമനം റദ്ദാക്കിയതിനെതിരെ പുനപ്പരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍

New Update
gopinath

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിയമനം റദ്ദാക്കിയതെന്നും ഇതു പുനപ്പരിശോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Advertisment

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യത സംബന്ധിച്ച് ഒരു എതിരഭിപ്രായവും വിധിയില്‍ ഇല്ല. പുനര്‍ നിയമിച്ച രീതിയിലും അപാകതയില്ല. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നാണ്, റദ്ദാക്കുന്നതിനു കാരണമായി വിധിയില്‍ പറയുന്നത്.

നിയമനത്തിനെതിരെ കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദമാണിതെന്ന്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ വിധിയാണിതെന്നു ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഒരു വിസിയെ പുനര്‍ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോള്‍ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍ നിയമിക്കാന്‍ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷന്‍ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടതെന്നു കോടതി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Advertisment