Advertisment

ശത്രുവിനെ ശത്രുവിന്റെ മടയിലെത്തി കൊന്നു തള്ളുന്ന യുദ്ധതന്ത്രം ഇന്ത്യ പുറത്തെടുക്കുന്നെന്ന് ബ്രിട്ടീഷ് പത്രം; വിദേശത്തുള്ള ഭീകരരെ ഇന്ത്യ ഉന്മൂലനം ചെയ്യുന്നു, ഇന്ത്യൻ നയം ഇതല്ലെന്നും ഇല്ലാതാക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്നവരെയെന്നും വിദേശകാര്യ മന്ത്രാലയം; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്ത് കൊല്ലപ്പെടുന്നത് തുടർക്കഥ; അന്താരാഷ്ട്ര ധനസഹായം കിട്ടാൻ ഭീകരരെ വധിച്ചത് പാക് ചാര സംഘടനയായ ഐ.എസ്.ഐ എന്നും ആരോപണം

പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇരുപതോളം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഗാർഡിയന്റെ റിപ്പോർട്ടിലുള്ളത്. വിദേശത്ത് ഭീകരരെ ഇല്ലാതാക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
jayasankar

ഡൽഹി: ശത്രുവിനെ ശത്രുവിന്റെ മടയിലെത്തി കൊന്നു തള്ളുന്ന യുദ്ധതന്ത്രം ഇന്ത്യ പുറത്തെടുക്കുന്നെന്ന് ബ്രീട്ടീഷ് പത്രമായ ദി ഗാർഡിയൻ. വിദേശത്തുള്ള ഭീകരരെ ഇന്ത്യ ഉന്മൂലനം ചെയ്യുകയാണെന്നും പാകിസ്ഥാനിലെ ഭീകരരെ അ‍ജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയുടെ കൈയുണ്ടെന്നുമാണ് ആരോപണം.

Advertisment

 എന്നാൽ ഇത് ഇന്ത്യയുടെ നയമല്ലെന്നും ഭീകരരെ ഇല്ലാതാക്കാൻ ഇന്ത്യ അതിർത്തികടന്നുള്ള അക്രമണങ്ങൾ നടത്തുന്നു എന്നത് തെറ്റായ റിപ്പോർട്ടാണെന്നും ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


ശത്രുക്കളായാലും മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിടുന്നതും കൊലപ്പെടുത്തുന്നതും ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.  ഭീകരരെ ഇല്ലാതാക്കും എന്നതുകൊണ്ട് അതിർത്തി മേഖലയിലെ സംഘർഷങ്ങളെയും ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്നവയെയും ഉന്മൂലനം ചെയ്യും എന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇരുപതോളം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഗാർഡിയന്റെ റിപ്പോർട്ടിലുള്ളത്. വിദേശത്ത് ഭീകരരെ ഇല്ലാതാക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തു.

പാകിസ്ഥാനിൽ നിന്നും ഇന്ത്യൻ, പാക് അതിർത്തിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ഗാർഡിയന്റെ വാദം.

 ശത്രുക്കളെ കൊന്നൊടുക്കാൻ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ രീതിയാണ് ഇന്ത്യയും സ്വീകരിക്കുന്നതെന്നാണ് ബ്രിട്ടീഷ് പത്രത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്, റഷ്യയുടെ കെ.ജി.ബി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയും ഇത്തരത്തിൽ നീക്കം നടത്തിയത്.

2020 മുതൽ 20 കൊലപാതങ്ങൾ പാകിസ്ഥാനിലുണ്ടായി. കഴിഞ്ഞ വർഷം കൊലപാതകങ്ങൾ ഉയർന്നു. മോസ്റ്റ് വാണ്ടഡ് ആയ ഏഴ് ഭീകരരെ വധിച്ചു. അജ്ഞാതരായ തോക്കുധാരികളാണ് കൊലകൾക്ക് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒറ്റ രാത്രികൊണ്ടല്ല ഇന്ത്യൻ ഏജൻസികൾ പാകിസ്ഥാനിൽ ആസൂത്രിത കൊലകൾ നടത്തിയതെന്നും സ്ലീപ്പർസെല്ലുകൾ സ്ഥാപിക്കാൻ രണ്ടുവർഷത്തോളം സമയമെടുത്തെന്നും ഒരു പാക് ഉദ്യോഗസ്ഥൻ ആരോപിച്ചു. പദ്ധതി നടപ്പാക്കാൻ പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യ പണം നൽകിയെന്നും അവകാശപ്പെടുന്നു.

 

അതേസമയം, അന്താരാഷ്ട്ര നാണയ നിധി ( ഐ.എം.എഫ് ) എർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാൻ ഭീകരരെ വധിച്ചത് പാക് ചാര സംഘടനയായ ഇന്റർ - സർവീസസ് ഇന്റലിജൻസ് ( ഐ.എസ്.ഐ) ആണെന്നും ആരോപണമുണ്ട്. പാകിസ്ഥാൻ ഭീകരർക്ക് ധനസഹായവും അഭയവും നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടിരുന്നു.


 ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവൻ പരംജിത്ത് സിംഗ് പഞ്ച്‌വാർ,  ലഷ്‌കറെ ത്വയ്ബ ഭീകരൻ സിയാ ഉർ റഹ്മാൻ, ലഷ്‌‌കറെ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുഫ്തി ഖൈസർ ഫറൂഖ്, പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ്,  2018ലെ സുൻജവാൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഖ്വാജ ഷാഹിദ്, ലഷ്‌കറെ ത്വയ്ബ മുൻ കമാൻഡർ അക്രം ഖാൻ ഖാസി, ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖ്, ലഷ്‌‌കറെ ഭീകരൻ അദ്നാൻ അഹ്‌മ്മദ് എന്നിവരാണ് അടുത്തിടെ കൊല്ലപ്പെട്ടത്.

Advertisment