Advertisment

ചൈനീസ് ന്യുമോണിയ: കുട്ടികളില്‍ കാണിക്കുന്നത് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍; ആശുപത്രികള്‍ പൂര്‍ണ സജ്ജമായിരിക്കണം, നടപടികള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം

New Update
Pneumonia

ഡല്‍ഹി: വടക്കന്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയ കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തില്‍പെട്ടതാണെന്നും ഇന്ത്യയില്‍ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Advertisment

രോഗങ്ങളെ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികളുടെ അവലോകനം സര്‍ക്കാര്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വടക്കന്‍ ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രനടപടി.

സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നടപടികളെക്കുറിച്ച് ഉടനടി വിലയിരുത്തല്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. മനുഷ്യവിഭവശേഷി, ആശുപത്രി കിടക്കകള്‍, അവശ്യ മരുന്നുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകള്‍, എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, ആശുപത്രികളിലും മറ്റും ഓക്‌സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കണം. അണുബാധകള്‍ പടരുന്നത് തടയാന്‍ അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകള്‍ ആശുപത്രികള്‍ സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശത്തില്‍ പറഞ്ഞു.

കോവിഡ് -19 ന് ശേഷം ചൈന മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. നിഗൂഢമായ ഈ ന്യുമോണിയ സ്‌കൂളുകളിലൂടെ വ്യാപിക്കുകയും ആശുപത്രികള്‍ രോഗികളായ കുട്ടികളാല്‍ നിറയുകയും ചെയ്തു. ആഗോള ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ഈ സംഭവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 

കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ചുമയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ബീജിംഗില്‍ നിന്നുള്ള  ഒരു പൗരന്‍ തായ്വാനീസ് വാര്‍ത്താ വെബ്സൈറ്റായ എഫ്ടിവി ന്യൂസിനോട് പറഞ്ഞു.

ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പ്രഭവകേന്ദ്രങ്ങള്‍ ബീജിംഗും ലിയോണിംഗ് പ്രവിശ്യയുമാണ്. ചൈനയിലെ കുട്ടികളുടെ ആശുപത്രികളില്‍ നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും രോഗബാധിതരായതിനാല്‍ ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. കോവിഡ് -19 ന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്നതാണ്  ഈ സാഹചര്യം.

Advertisment