Advertisment

ജയിലുകൾ തടവു കേന്ദ്രങ്ങൾ മാത്രമാവാതെ പരിവർത്തന കേന്ദ്രങ്ങളായി മാറുന്നു. ജീവിതത്തിൽ ആദ്യമായി ക്രിമിനൽ കുറ്റം ചെയ്ത് ശിക്ഷ അനുഭവിക്കുന്നവർക്ക് പകുതി ശിക്ഷ ഇളവ് ചെയ്യും. പുറത്തിറങ്ങാനാവുക ആയിരത്തിലേറെ തടവുകാർക്ക്. രാഷ്ട്രീയ തടവുകാരടക്കം ദുരുപയോഗിക്കുമെന്ന് ആശങ്ക. പകുതി ശിക്ഷാ ഇളവ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം

New Update
supreme court sebi.jpg

തിരുവനന്തപുരം: ജയിലുകൾ കുറ്റക്കാരെ തടവിലിടാനുള്ള കേന്ദ്രങ്ങൾ മാത്രമാവാതെ പരിവർത്തന കേന്ദ്രങ്ങളായി മാറുകയാണ്. കറക്ഷണൽ ഹോം എന്നാണ് ജയിലുകളെ പറയാറുള്ളത്. കുറ്റവാളികളെ മാനസിക പരിവർത്തനം വരുത്തി ഉത്തമ പൗരന്മാരായി സമൂഹത്തിലേക്ക് വിടാനുള്ള കേന്ദ്രങ്ങളായി മാറുകയാണ് ജയിലുകൾ.

Advertisment

ഇതിന്റെ ഭാഗമായി സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണമോ അല്ലാതെയോ ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് ജയിലിലായവർക്ക് പകുതി ശിക്ഷ ഇളവ് ചെയ്ത് വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണിത്.


 ആദ്യകുറ്റം ചെയ്യുന്നവരെ ജയിലിലിടാതെ നല്ലനടപ്പ് വിധിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള മാർഗരേഖ കൈമാറുകയും ചെയ്തു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും ശിക്ഷാ ഇളവിന് നടപടിയായത്.


jail-3

ഇതുപ്രകാരം ആദ്യത്തെ കുറ്റകൃത്യം ചെയ്ത് 10വർഷം വരെ ശിക്ഷ കിട്ടിയവരിൽ പകുതി ശിക്ഷ അനുഭവിച്ചവർക്കാവും ഇളവ് കിട്ടുക. തീവ്രവാദക്കേസ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമം, പോക്സോ, മയക്കുമരുന്ന് കേസുകൾ, വിദേശ പൗരന്മാർ, അന്യസംസ്ഥാന കോടതികൾ ശിക്ഷിച്ചവർ, ടാഡാ- പോട്ടാ-യുഎപിഎ നിയമങ്ങൾ പ്രകാരം ശിക്ഷിക്കപ്പെട്ടവർ, ദേശീയ സുരക്ഷാനിയമം, ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ശിക്ഷിച്ചവർ, വിമാനറാഞ്ചൽ കേസുകൾ, രാജ്യത്തിനെതിരായ കുറ്റകൃത്യം നടത്തിയവർ എന്നിവർക്ക് ഇളവ് നൽകില്ല. 

നല്ലനടപ്പ് നിർദ്ദേശിച്ചായിരിക്കും ശിക്ഷായിളവ് നൽകുന്നത്. തടവുകാരെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരരാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. 

തടവുശിക്ഷയ്ക്കിടെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന ശിക്ഷാ ഇളവ് ഉൾപ്പെടാതെ പകുതി ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെയാവും ഇളവിന് പരിഗണിക്കുക. മുൻപ് പ്രത്യേക ശിക്ഷായിളവിനോ സ്വാതന്ത്ര്യദിനം, കേരളപ്പിറവി പോലെ വിശേഷാവസരങ്ങളിൽ ഇളവ് ലഭിച്ചവർക്കോ പുതിയ പദ്ധതിയിൽ ശിക്ഷായിളവ് കിട്ടില്ല.

ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നിയമ സെക്രട്ടറി, പൊലീസ് മേധാവി, ജയിൽ ഡി.ജി.പി എന്നിവരടങ്ങിയ സമിതിയാവും ഇളവു നൽകേണ്ടവരുടെ പട്ടികയുണ്ടാക്കുക. ശിക്ഷായിളവിന് മന്ത്രിസഭയുടെ ശുപാർശയും ഗവർണറുടെ അനുമതിയും വേണ്ടിവരും.

പുറത്തിറങ്ങിയാൽ ക്രമസമാധാനപ്രശ്‌നമുണ്ടാകുമോ എന്നുള്ള പൊലീസ് റിപ്പോർട്ടുകളടക്കം പരിഗണിച്ചായിരിക്കും തടവുകാർക്ക് ഇളവ് നൽകുക. കേസിന്റെയും കുറ്റകൃത്യത്തിന്റെയും സ്വഭാവം, തടവുകാരന്റെ പ്രായം, കുടുംബപശ്ചാത്തലം എന്നിവയും പരിഗണിക്കും.

Hh


ആദ്യമായി കുറ്റംചെയ്തവരിൽ കുടുംബവുമായും സമൂഹവുമായും ഇടപെടുമ്പോൾ കുറ്റവാസന ഇല്ലാതാവുമെന്ന് വിലയിരുത്തിയാണ് ശിക്ഷായിളവിന് സുപ്രീംകോടതി നിർദ്ദേശിച്ചത്.


അതേസമയം, രാഷ്ട്രീയ തടവുകാരടക്കം ഇത് ദുരുപയോഗിക്കുമെന്ന ആശങ്ക നിയമവൃത്തങ്ങൾ പ്രകടിപ്പിക്കുന്നു. രാഷ്ട്രീയ കൊലക്കേസുകളിലടക്കം 10വർഷം തടവുകിട്ടിയവരെ പകുതി ശിക്ഷ ഇളവ് ചെയ്ത് വിട്ടയയ്ക്കാൻ സർക്കാരിന് അവസരം കിട്ടുമെന്നാണ് ആശങ്ക. നേരത്തേ കേരളപ്പിറവി, സ്വാതന്ത്ര്യദിനം പോലുള്ള വിശേഷ ദിവസങ്ങളിൽ രാഷ്ട്രീയ തടവുകാർക്കും ശിക്ഷായിളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

പുതിയ തീരുമാനത്തിന്റെ ബലത്തിൽ രാഷ്ട്രീയ തടവുകാരെ കൂട്ടത്തോടെ വിട്ടയയ്ക്കാൻ സർക്കാരിന് കഴിയും. നിലവിൽ തടവുകാർക്ക് ശിക്ഷാ ഇളവിന് സ‌ർക്കാരിന് ശുപാർശ നൽകാൻ ജയിൽ ഉപദേശക സമിതികളും സംസ്ഥാനതല ഉപദേശക സമിതിയുമുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ സമിതിക്കാണ് മേൽനോട്ട ചുമതല.

Advertisment