റിയാലിറ്റി ഷോയുടെ റേറ്റിംഗ് കൂട്ടാന്‍ പരസ്പരം തര്‍ക്കിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു; ആദ്യം നാടകമായിരുന്നെങ്കിലും പിന്നീട് കാര്യമായി; ജയചന്ദ്രനുമായുള്ള പിണക്കത്തെക്കുറിച്ച് എംജി ശ്രീകുമാര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 11, 2018

പിണക്കങ്ങളും ഇണക്കങ്ങളുമില്ലാത്ത ബന്ധങ്ങളുണ്ടോയെന്ന് ഗായകന്‍ എം.ജി.ശ്രീകുമാര്‍ ചോദിക്കുന്നു. സംഗീത സംവിധായകന്‍ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ കഥ ഇതായിരുന്നു.

വലിയ കാര്യമൊന്നുമില്ല. എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ. ഇവിടെയും അതുതന്നെ. എന്റെ വീട് തിരുവനന്തപുരത്തെ ജഗതിയിലാണ്. കുട്ടന്റേത് (എം.ജയചന്ദ്രന്‍) പൂജപ്പുരയിലും. കുഞ്ഞിലേ മുതല്‍ക്കേ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹ ബന്ധത്തിലാണ്. കുട്ടന്‍ എനിക്കെന്റെ അനുജനെ പോലെയും. അദ്ദേഹത്തിന്റെ ഒത്തിരി പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. പ്രത്യേകിച്ച് ഭക്തിഗാനങ്ങള്‍. അങ്ങനെയിരിക്കെയാണ് ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. പരിപാടിയ്ക്കു വേണ്ടി കളിച്ച കളി കാര്യമായി മാറുകയായിരുന്നു.

പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങള്‍ മത്സരാര്‍ഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തര്‍ക്കിക്കുന്ന കുറേ കാര്യങ്ങള്‍ അവര്‍ക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യില്‍ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോള്‍ മനഃപൂര്‍വം പറയുന്നതാണെന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി.

എംജി ശ്രീകുമാറിനോട് അങ്ങനെ പറഞ്ഞത് നന്നായി, ജയചന്ദ്രന് ഒന്നും അറിയില്ല എന്നുള്ള തരത്തില്‍ നിരവധി കോളുകള്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും വന്നു. പരിപാടിയില്‍ കാണുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ വിളിക്കുമല്ലോ. അവരെ കുറ്റം പറയാനാകില്ല. പതിയെ പതിയെ ഞങ്ങള്‍ക്കിടയിലെ ബന്ധം അകലുകയായിരുന്നു. കുറേ ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. അത് ഈ പിണക്കം കാരണം മാറിപ്പോയി. എന്തോ ഒരു ഘടകം ഞങ്ങളെ പഴയപോലുള്ള സൗഹൃദത്തില്‍ നിന്ന് മാറ്റി നിര്‍ത്തി.

പിന്നീട് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത് മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിനായി ഞങ്ങള്‍ ഒന്നിക്കുകയാണ്. അവര്‍ ഇരുവരുടെയും ആഗ്രഹമായിരുന്നു ഞാന്‍ ഈ ചിത്രത്തില്‍ പാടണം എന്നത്. കുട്ടനോട് അത് പറഞ്ഞപ്പോള്‍ എതിര്‍ത്തില്ല. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല എല്ലാം പഴയതു പോലെയായി.

×