Advertisment

രണ്ടു വയസ്സുള്ള മകനോടും ഭര്‍ത്താവിനോടും  യാത്ര പറഞ്ഞ് ജോലിക്കിറങ്ങി , മരണം പുറകെ ചെന്ന് പിടികൂടി ; സ്‌കാനിയ ബസിന്റെ ലഗേജ് വാതില്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

സുല്‍ത്താന്‍ ബത്തേരി : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിന്റെ  തുറന്നു കിടന്ന ലഗേജ് വാതില്‍ തട്ടി വഴിയാത്രക്കാരി മരിച്ചു. ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24)ആണ് മരിച്ചത്. ദേശീയപാതയ്ക്കരികിലൂടെ നടന്നു പോവുകയായിരുന്നു യുവതി.

Advertisment

publive-image

തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു ബസ്. രണ്ടു വയസ്സുള്ള മകനോടും കാറപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവിനോടും  യാത്ര പറഞ്ഞ് ജോലിക്കിറങ്ങിയ മിഥു(24)വിനെ മരണം പുറകെ ചെന്ന് പിടികൂടുകയായിരുന്നു.

ബത്തേരിയിലെ സ്വകാര്യ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തും മുന്‍പ് വഴിയരികിലൂടെ നടന്നു പോവുകയായിരുന്നു. പിന്നില്‍ നിന്നെത്തിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍ ഇടിച്ചു തെറിച്ചു വീണ യുവതിയെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ലഗേജ് വാതില്‍ പുറത്തേക്ക് ഒന്നര മീറ്ററോളമാണ് തള്ളിനിന്നത്.

publive-image

ബത്തേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളി രാജന്റെയും ഷൈലയുടെയും മകളാണ് മിഥു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.വാതില്‍ തുറന്നു കിടന്നത് എങ്ങനെയെന്നു പരിശോധിക്കും. ബത്തേരി വരെ വാതില്‍ അടഞ്ഞു കിടന്നിരുന്നുവത്രെ. പിന്നീട് കൊളുത്ത് വീഴാതിരുന്നതാണോ ഗട്ടറിലോ മറ്റോ വീണപ്പോള്‍ തുറന്നു വന്നതാണോ അപകടകാരണമെന്നും പരിശോധിക്കും.

മിഥുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ മാസങ്ങള്‍ക്കു  മുന്‍പ് കാറപകടത്തില്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മകന്‍ രണ്ടുവയസ്സുകാരന്‍ അംഗിത്.

Advertisment