നിയന്ത്രണം വിട്ട മിനി ലോറി, പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, September 12, 2018

ഹരിപ്പാട്: ചെമ്മീൻ കയറ്റി വന്ന മിനി ലോറിയും എ.പി.എസ് പാഴ്സൽ ലോറിയും കൂട്ടിയിടിച്ചു. ഡ്രൈവർമാർക്ക് നിസാര പരിക്ക്. ഇതേ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ ഡാണാപ്പടി പാലത്തിൽ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തേക്ക് ചെമ്മീനും കയറ്റി പോയ മിനി ലോറിയുടെ ടയർ പഞ്ചറായി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന പാഴ്സൺ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ചെമ്മീൻ ലോറി പൂർണ്ണമായും തകർന്നു. റോഡിൽ ചിതറിയ ചെമ്മീൻ തൊഴിലാളികളും, പൊലീസ്, ഫയർഫോഴ്സും ചേർന്നാണ് നീക്കം ചെയ്തത്.

അപകടത്തിൽ പാഴ്സൽ ലോറിയുടെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡീസൽ മാറ്റിയതിന് ശേഷമാണ് റോഡിൽ നിന്നും വാഹനങ്ങൾ മാറ്റിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. വാഹനങ്ങൾ മറ്റ് ഇടറോഡുകളിലൂടെ തിരിച്ച് വിട്ടാണ് ഗതാഗത തടസം ഒരു പരിധിവരെ കുറച്ചത്. പരിക്കേറ്റ ഇരുവണ്ടിയുടെയും ഡ്രൈവർമാരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

×