Advertisment

പെരിന്തല്‍മണ്ണയിലേക്കു വരൂ, കാണാതായ പൊന്നുമോനെ തിരിച്ചു തരാം ; 16 വര്‍ഷം മുമ്പു കാണാതായ മകനെ ഒരച്ഛന് തിരികെ നല്‍കി പൊലീസുകാര്‍ ; സംഭവം മലപ്പുറത്ത്‌

New Update

പെരിന്തൽമണ്ണ : വർഗീസിനെ വിളിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു: ‘പെരിന്തൽ മണ്ണയിലേക്കു വരൂ, കാണാതായ പൊന്നുമോനെ തിരിച്ചു തരാം’ ആദ്യം വർഗീസിന് തമാശയായാണ് തോന്നിയത്. 16 വർഷമായി അന്വേഷിക്കാത്ത ഇടമില്ല, ജീവിച്ചിരിപ്പുണ്ടോയെന്നു തന്നെ അറിയില്ല, ഉണ്ടായിരുന്നെങ്കിൽ എന്നോ വരേണ്ടതല്ലേ?

Advertisment

publive-image

എങ്കിലും പ്രതീക്ഷയോടെ വർഗീസ് മകളുടെ ഭർത്താവ് ജോസിനെയും അനിയന്റെ മക്കളെയും കൂട്ടി പെരിന്തൽമണ്ണയിലെത്തി. ജീവിതത്തിൽ ഇനി ഒരിക്കലും കാണില്ലെന്നു കരുതിയ മകനെ മുന്നിൽ നിർത്തി ആ അച്ഛനോട് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു: ‘ഇതാ നിങ്ങളുടെ മകൻ !

പെരിന്തൽമണ്ണ പൊലീസിന്റെ രാത്രികാല പരിശോധന കാരണം ഒരു കുടുംബത്തിനു തിരികെ ലഭിച്ചത് 16 വർഷം മുൻപു നഷ്‌ടപ്പെട്ട ഏക മകനെയാണ്. അന്ന് ബാംഗ്ലൂരിലേക്ക് ജോലി തേടി ഇറങ്ങിയതായിരുന്നു തൃശൂർ ചാലക്കുടി നായരങ്ങാടി പര്യാരം ഇടശ്ശേരി വീട്ടിൽ വർഗീസിന്റെ മകൻ അഭിലാഷ്(39).

ഒരു സുഹൃത്ത് ജോലി ശരിയാക്കാമെന്നു പറഞ്ഞിരുന്നു. ബാംഗ്ലൂരിൽ എത്തിയെങ്കിലും ഉദ്ദേശിച്ച ജോലി ശരിയായില്ല. ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അഭിലാഷിന്റെ മനസ്സ് അനുവദിച്ചില്ല. അവിടെ തുടങ്ങുകയായിരുന്നു മറ്റൊരു ജീവിതം. കുറേ സ്ഥലങ്ങളിൽ മാറിമാറി പല ജോലികളും ചെയ്‌തു. പിന്നീട് വീട്ടിലേക്ക് മടങ്ങാൻ മടിയായി.

വീടുമായും നാടുമായും ബന്ധപ്പെട്ടതേയില്ല. കുടുംബാംഗങ്ങൾ പല സ്ഥലങ്ങളിലും അന്വേഷണം നടത്തി. ഒടുവിൽ വർഷങ്ങൾക്കു മുൻപ് നിരാശയോടെ അന്വേഷണം അവസാനിപ്പിച്ചു. പെരിന്തൽമണ്ണ എസ്ഐ മഞ്ജിത് ലാൽ, സീനിയർ സിപിഒ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയിരുന്നു.

അവിടെ താമസക്കാരനായിരുന്ന അഭിലാഷ് കയ്യിൽ തിരിച്ചറിയൽ രേഖകളൊന്നും ഇല്ലെന്ന് അറിയിച്ചതോടെ നാട്ടിലെ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് അഭിലാഷിന്റെ തിരോധാനത്തിന്റെ കഥ അറിയുന്നതും പിതാവ് വർഗീസുമായി ബന്ധപ്പെടുന്നതും.

Advertisment