Advertisment

നിങ്ങള്‍ക്ക് ആദ്യ ശമ്പളം കിട്ടുമ്പോള്‍ അമ്മയ്‌ക്കോ സഹോദരിക്കോ നല്‍കുന്നതു പോലെ കന്നിവോട്ടര്‍മാരോട് അവരുടെ ആദ്യവോട്ട് ബലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന് മോദി  ; നടപടിക്കൊരുങ്ങി തെര. കമ്മിഷന്‍, ഇലക്ടറല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി 

New Update

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുല്‍വാമാ ഭീകരാക്രമണത്തിന്റെ പേരില്‍ വോട്ട്‌ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി വിവാദമാവുന്നു. മോദിയുടെ പ്രസംഗം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മഹാരാഷ്ട്ര ഇലക്ടറല്‍ ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Advertisment

പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി.

publive-image

ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ആദ്യവോട്ട് സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്. നിങ്ങള്‍ക്ക് ആദ്യമായി ശമ്പളം കിട്ടുമ്പോള്‍ നിങ്ങള്‍ അത് അമ്മയ്‌ക്കോ സഹോദരിമാര്‍ക്കോ ആവും നല്‍കുക.

അതുപോലെ നിങ്ങളുടെ ആദ്യ വോട്ട് ബാലാകോട്ടിലെ തീവ്രവാദ ക്യാംപുകളെ ലക്ഷ്യംവച്ചുള്ള ആക്രമണത്തിനും പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും നല്‍കാന്‍ നിങ്ങള്‍ സന്നദ്ധാമാണോ?- എന്നായിരുന്നു മോദിയുടെ പ്രസംഗം.

നേരത്തെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും സൈനികരെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയും സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

Advertisment