Advertisment

പുല്‍വാമയില്‍ ഭീകരര്‍ ആക്രമണം നടത്തിയ ശേഷം ഞാന്‍ മിണ്ടാതിരിക്കണമായിരുന്നുവോ ? ഭീകരര്‍ക്ക് തിരിച്ചടി നല്‍കുമ്പോള്‍ ചിലര്‍ക്ക് ഉറക്കം നഷ്ടമാവുന്നുവെന്ന് പ്രധാനമന്ത്രി

New Update

അമ്രോഹ: രാജ്യം ഭീകരര്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു പ്രതിപക്ഷത്തിനെതിരെ മോദി രൂക്ഷ വിമര്‍ശനം നടത്തിയത്. ഭീകരവാദികള്‍ക്ക് അവരുടെ ഭാഷയില്‍ രാജ്യം മറുപടി നല്‍കിയത് ഇഷ്ടപ്പെടാത്തവര്‍ രാജ്യത്തുണ്ട്. പുല്‍വാമയില്‍ ഭീകരര്‍ ആക്രമണം നടത്തിയ ശേഷം ഞാന്‍ മിണ്ടാതിരിക്കണമായിരുന്നുവോയെന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.

Advertisment

publive-image

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും രാജ്യദ്രോഹികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനെ ലോകത്തിന് മുമ്പില്‍ ഇന്ത്യ തുറന്ന് കാട്ടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് അനുകൂലമായ നിലപാടാണ് ഇക്കൂട്ടര്‍ എടുത്തത്.

കോണ്‍ഗ്രസിനൊപ്പം സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുകയാണ് ചെയ്യുന്നത് എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മായാവതിക്കും അഖിലേഷിനുമുള്ളത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവര്‍ക്ക് വേണ്ട സഹായങ്ങളും ഇവര്‍ നല്‍കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യയ്ക്ക് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തല കുനിക്കേണ്ടി വന്നിട്ടില്ലെന്നും ഇന്ന് വരെയില്ലാത്ത പുരോഗതിയാണ് തന്റെ ഭരണത്തില്‍ ഉണ്ടായതെന്നും മോദി അവകാശപ്പെട്ടു.

Advertisment