Advertisment

സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് പരിഹാരമായി, ഇന്ന് അഞ്ച് ലക്ഷം ഡോസ് എത്തിക്കും; രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസ് ലഭിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: വാക്സീൻ ക്ഷാമത്തിന് പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവയ്പുണ്ടാകില്ല. അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക ഉയർത്തുകയാണ്.

രണ്ട് ദിവസമായി തുടരുന്ന വാക്സീൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണു പ്രതീക്ഷ. ഇന്ന് എറണാകുളത്ത് അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്സീനെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും.

രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസ് ലഭിക്കും. ‌മറ്റ് ജില്ലകൾക്കും ആനുപാതികമായി വാക്സീൻ നൽകും. കോവീഷീൽഡിന് പുറമെ കോവാക്സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സീൻ നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതു ലഭിച്ചാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. വാക്സീൻ എടുക്കാന്‍ വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂരിലെയും ‌കാസർകോട്ടെയും ജില്ലാ ഭരണകൂടങ്ങളുടെ വിവാദ നിബന്ധന ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കോവിഡ് പ്രതിദിന രോഗബാധ ഇരുപതിനായിരം കടന്നു. രാജ്യത്തെ ആകെ രോഗികളിൽ പകുതിയും സംസ്ഥാനത്താണ്. മലപ്പുറം കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയരുകയാണ്.

NEWS
Advertisment