Advertisment

അരവിന്ദ് ഇനിയും ജീവിക്കും നാലു പേരിലൂടെ ! 319-ാമത്തെ അവയവദാനം പൂര്‍ത്തിയാക്കി മൃതസഞ്ജീവനി

author-image
admin
New Update

publive-image

Advertisment

തിരുവനന്തപുരം: കന്യാകുമാരി സ്വദേശി അരവിന്ദിൻ്റെ ഹൃദയവും കരളും വൃക്കകളും നാലു പേർക്ക് ജീവിതമേകുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നത് 319-ാമത്തെ അവയവദാനം.

കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിലാണ് കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യില്‍ ആദിലിംഗം -സുശീല ദമ്പതികളുടെ മകന്‍ അരവിന്ദിന് (24) ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ബന്ധുക്കളുടെ ആഗ്രഹപ്രകാരം അവയവദാനവും നടന്നു.ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലും വൃക്കകള്‍ കിംസ് ആശുപതിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

യുവാവിൻ്റെ ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിനെ നേരിട്ട് അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് പൊക്യുവര്‍മെന്‍റ് മാനേജര്‍ ഡോ മുരളീധരന്‍ എന്നിവർ ചേർന്ന് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചു.

. തുടർ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി. ജഗൻ, ആനന്ദ്, മുരുഗേശ്വരി എന്നിവർ അരവിന്ദിൻ്റെ സഹോദരങ്ങളാണ്.

Advertisment