Advertisment

ശിവശങ്കറിനെ കൈവിട്ട് സിപിഎം. മുഖ്യമന്ത്രിയുടെ ഓഫീസിന് കൂടുതല്‍ പൂട്ടിടാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നു. മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിച്ചേക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കൂടി ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.പി.എം പൂര്‍ണമായും കൈവിടുന്നു.

ഇതിന്‍റെ ഭാഗമായാണ് ശിവശങ്കറിനെ കടന്നാക്രമിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ രംഗത്തുവന്നതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്ന ആദ്യനാളുകളിലൊക്കെ മന്ത്രി ജി. സുധാകരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിലാണ് സുധാകരന്‍റെ ഈ കടന്നാക്രമണമെന്നു വ്യക്തം.

ശിവശങ്കര്‍ വഞ്ചകനെന്നു തുറന്നടിച്ച ജി. സുധാകരന്‍ അദ്ദേഹം ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും വിലയിരുത്തി. സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കര്‍ ദുരുപയോഗിച്ചു. സ്വപ്നയുമായുള്ള സൗഹൃദം അപമാനകരമാണ്.

ശിവശങ്കര്‍മാരുടെയും സ്വപ്നമാരുടെയും ആരാധകരല്ല തങ്ങളെന്നും ഐ.എ.എസുകാര്‍ പറയുന്നിടത്ത് ഒപ്പിടാനല്ല തങ്ങള്‍ ഇരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശിവശങ്കറിനെതിരെ ഇതാദ്യമായാണ് സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഇത്ര കടുത്ത വിമര്‍ശനം ഉണ്ടാകുന്നത്.

നേരത്തെ പല നേതാക്കള്‍ക്കും ശിവശങ്കറിനെതിരെ പരാതിയുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുമായി ശിവശങ്കറിനുള്ള ബന്ധത്തെ തുടര്‍ന്ന് പരസ്യമായി ഇതു പ്രകടിപ്പിച്ചിരുന്നില്ല.

സ്വര്‍ണക്കടത്ത് വിവാദം ഉയരുന്നതിന് മുമ്പ് സ്പ്രിങ്ക്ലര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ന്നെങ്കിലും അന്നൊക്കെ മുഖ്യമന്ത്രി തന്നെ ശിവശങ്കറിന് രക്ഷാകവചം ഒരുക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയടക്കമുള്ളവര്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലായപ്പോഴും ഈ വിഷയത്തില്‍ ശിവശങ്കറിന്‍റെ പങ്ക് സ്വപ്നയുമായുള്ള ബന്ധത്തില്‍ മാത്രമൊതുമെന്നായിരുന്നു മുഖ്യമന്ത്രിയും വിചാരിച്ചിരുന്നത്.

പാര്‍ട്ടി യോഗങ്ങളിലും ഈ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഓരോതവണ ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുമ്പോഴും അതു മുഖ്യമന്ത്രിക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാല്‍ ഇനിയും ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു പാര്‍ട്ടിക്ക് ഗുണകരമല്ലെന്നാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗങ്ങളില്‍ വിലയിരുത്തലുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ജി. സുധാകരന്‍റെ തുറന്ന വിമര്‍ശനം.

അതേസമയം മുഖ്യമന്ത്രിയെ പാര്‍ട്ടി കൈവിടില്ല എന്ന സന്ദേശവും സുധാകരന്‍ നല്‍കുന്നുണ്ട്. രാമായണമാസത്തില്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷം വേട്ടയാടിയെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ നല്‍കുന്ന മാനവും പലതാണ്.

അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ പിടി മുറുക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയിടെ ഒരു മുതിര്‍ന്ന നേതാവിനെക്കൂടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

m sivasankar
Advertisment