Advertisment

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മുല്ലപ്പള്ളി ! ധര്‍മ്മടത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. സിപിഎം കോട്ടയില്‍ കെപിസിസി പ്രസിഡന്റ് മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഒന്നടങ്കം ഗുണം ചെയ്യുമെന്ന് നേതാക്കളും പ്രവര്‍ത്തകരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കടമ്പൂര്‍ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത് നേട്ടമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയെ സ്വന്തം മണ്ഡലത്തില്‍ തളച്ചിടുന്നത് യുഡിഎഫിനും ഗുണം ചെയ്യും. അന്തിമ തീരുമാനം മുല്ലപ്പള്ളിയുടേത്

New Update

publive-image

Advertisment

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ഉറച്ച സിപിഎം കോട്ടയായ മണ്ഡലത്തില്‍ മുഖ്യമന്ത്രിയെ കെപിസിസി പ്രസിഡന്റ് എതിരിടുന്നത് നല്ല സന്ദേശം നല്‍കുമെന്നു തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചിന്തിക്കുന്നത്. അഥവാ മത്സരഫലം വിപരീത ഫലമായാല്‍ പോലും അതു നല്‍കുന്ന സന്ദേശം വലുതാണെന്നാണ് പാര്‍ട്ടിയുടെ പക്ഷം.

പിണറായി വിജയന്‍ മത്സരിച്ചു ജയിച്ച ധര്‍മ്മടം നിയോജക മണ്ഡലം സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണ്. ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ രണ്ടു തവണയും ധര്‍മ്മടത്തുനിന്ന് പരാജയപ്പെട്ട മമ്പറം ദിവാകരന്റെ പേരു തന്നെയാണ് യുഡിഎഫ് ക്യാംപില്‍ നേരത്തെ ഉയര്‍ന്നിരുന്നത്.

എന്നാല്‍ മമ്പറത്തിനപ്പുറം ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. ഇതാണ് മുല്ലപ്പള്ളിയുടെ പേരിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. മുല്ലപ്പള്ളി മത്സരിച്ചാല്‍ പിണറായിക്ക് മണ്ഡലം വിട്ടു പുറത്തുപോയി പ്രചാരണം നടത്താനുള്ള സമയവും കുറയും.

ഇതും യുഡിഎഫിന് അനുകൂല ഘടകമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ മടയിലെത്തി നേരിട്ടു എന്ന നിലവരുന്നത് ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകരും പറയുന്നുണ്ട്. മുല്ലപ്പള്ളി ഈ വെല്ലുവിളി ഏറ്റെടുത്താല്‍ അദ്ദേഹത്തിന്റെ ഈ തീരുമാനം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേല്‍ക്കെ ലഭിക്കാന്‍ കാരണമാകുമെന്നും നേതാക്കള്‍ പറയുന്നുണ്ട്.

2016ല്‍ പിണറായി വിജയന്‍ മത്സരിച്ചപ്പോള്‍ 36905 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പക്ഷേ 2011ല്‍ കെകെ നാരായണന്‍ മമ്പറം ദിവാകരനെ തോല്‍പ്പിച്ചത് 15162 വോട്ടിനായിരുന്നു. എന്നാല്‍ മുല്ലപ്പള്ളി വന്നാല്‍ ഈ വ്യത്യാസം ഉണ്ടാകില്ലെന്നും ഒരു വേള വിജയിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടെന്നു തന്നെയാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍, ധര്‍മ്മടത്തിന്റെ ഭാഗമായ കടമ്പൂര്‍ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതടക്കമുള്ള നേട്ടങ്ങളാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.

pinarai vijayan mullappally ramachandran
Advertisment