Advertisment

മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് വിവാദത്തില്‍ ആരാണ് കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് ? മരം മുറിക്കാന്‍ അനുമതി നല്‍കിയത് വനം-ജലവിഭവ വകുപ്പ് സെക്രട്ടറിമാരുടെ യോഗ തീരുമാനമെന്ന വിശദീകരണത്തിലും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ! യോഗത്തിന്റെ മിനിറ്റ്‌സ് മന്ത്രിമാര്‍ അറിയാതെ പോയതോ ? മരം മുറി തീരുമാനം മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയംഗമായ ടികെ ജോസും മനപൂര്‍വം മറച്ചു വച്ചു. മരം മുറിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച സുഗമമാക്കലെന്നും ആക്ഷേപം. വകുപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നുമറിയാത്ത വനം മന്ത്രി എകെ ശശീന്ദ്‌രന്‍ എന്തിന് ആ പദവിയില്‍ തുടരുന്നുവെന്നും ചോദ്യമുയരുന്നു

New Update

തിരുവനന്തപുരം : മരം മുറിക്കാന്‍ തമിഴ്‌നാടിന് നല്‍കിയ അനുമതി മരവിപ്പിച്ചെങ്കിലും വിഷയത്തില്‍ ആരാണ് കള്ളക്കളി നടത്തിയതെന്ന ദുരൂഹത തുടരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം പ്രകാരമാണ് വനം വകുപ്പ് ഉത്തരവെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായി.

Advertisment

publive-image

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലടക്കം കേരളത്തെ പ്രതിനിധീകരിക്കുന്ന ജലവിഭവ സെക്രട്ടറി എന്തുകൊണ്ട് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യവും ഉയരുകയാണ്.

മരംമുറിക്കാന്‍ അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് നല്‍കിയ വിശദീകരണം ദുരൂഹത കൂട്ടുന്നുണ്ട്. ജലവിഭവ വകുപ്പ് സെക്രട്ടറി ടി കെ ജോസ് വിളിച്ച സംയുക്ത യോഗത്തിലെ തീരുമാന പ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ വാദം.

തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ടി കെ ജോസ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും അറിയിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. അപ്പോഴും ജല വിഭവ വകുപ്പിന്റെയും വനം വകുപ്പിന്റെയും സംയുക്ത യോഗത്തിലെ സുപ്രധാന തീരുമാനം മന്ത്രിമാരില്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചെന്ന് വിശ്വസിക്കാന്‍ വയ്യ.

ഇവിടെയാണ് ചില കള്ളക്കളികള്‍ പുറത്തുവരുന്നത്. അടുത്ത ഡിസംബറില്‍ നടക്കാനിരിക്കുന്ന കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച സുഗമമാക്കുന്നതിനായി കേരളം നടത്തിയ വിട്ടുവീഴ്ചയാണ് ഇതെന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇതു ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഉണ്ടായ നടപടിയാകില്ല.

തന്നെയുമല്ല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കയോടെ ഉയരുന്നതിനിടെ അവിടെ നടക്കുന്ന ഒരു ചെറിയ തീരുമാനം പോലും മുല്ലപ്പെരിയാര്‍ കേസിനെ ബാധിക്കുമെന്ന് ഉറപ്പാണ്.

അത്തരമൊരു സാഹചര്യത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഈ ഉത്തരമിറങ്ങുമെന്ന് കരുതുക വയ്യ. ഇനി ഉത്തരവ് അത്തരത്തിലാണ് ഇറങ്ങിയതെങ്കില്‍ വനംമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പൊതുജനാഭിപ്രായമുണ്ട്.

mullapperiyar dam
Advertisment