Advertisment

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ ഭാഗം ദൂർബ്ബലമായതിന്റെ കാരണം പിണറായി ഗവണ്മെന്റിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കുന്നതിൽ അർത്ഥമില്ല; 2006 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുല്ലപ്പെരിയാർ ഡാമിന് തകർച്ചയുണ്ടായാലും അതിൽ നിന്ന് വരുന്ന വെള്ളം താങ്ങി നിർത്തുവാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടെന്ന് പറഞ്ഞിടത്താണ് കേസിൽ കേരളത്തിന്റെ ഭാഗം ദുർബലപ്പെട്ട് തുടങ്ങിയത്; കേസ് എങ്ങിനെ ജയിക്കാം എന്നതിന് പകരം എങ്ങിനെ തോൽക്കാം എന്നതിലാണ് മാറി മാറി വന്ന ഭരണകൂടങ്ങൾ മുൻഗണന നൽകിയത്; പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയിൽ വേണ്ടവണ്ണം വാദിക്കുന്നതിൽ കാണിച്ച അവധാനതയാണ് നമ്മുടെ പരാജയം; തിരുമേനി എഴുതുന്നു

New Update

സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ ഭാഗം ദൂർബ്ബലമായതിന്റെ കാരണം പിണറായി ഗവണ്മെന്റിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കുന്നതിൽ അർത്ഥമില്ല.

Advertisment

2006 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുല്ലപ്പെരിയാർ ഡാമിന് തകർച്ചയുണ്ടായാലും അതിൽ നിന്ന് വരുന്ന വെള്ളം താങ്ങി നിർത്തുവാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടെന്ന് പറഞ്ഞിടത്താണ് കേസിൽ കേരളത്തിന്റെ ഭാഗം ദുർബലപ്പെട്ട് തുടങ്ങിയത്.

publive-image

പുതിയ ഡാം പണിയണമെന്നുള്ള കേരളത്തിന്റെ അടിസഥാനപരമായ നിലപാട് ദുർബലപ്പെട്ടത് ഇവിടെയാണ്. സുപ്രീം കോടതി മുല്ലപ്പെരിയാർ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തി.

ഇതോടെ വിഷയം മേൽനോട്ട സമിതിയുടെ കീഴിലായി.പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് നേരെ മുഖം തിരിച്ച മേൽനോട്ട സമിതി ബേബി ഡാം ശക്തിപ്പെടുത്തണം എന്ന തമിഴ് നാടിന്റെ വാദത്തിന് അംഗീകാരം നൽകുകയും അതിനാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കേസ് എങ്ങിനെ ജയിക്കാം എന്നതിന് പകരം എങ്ങിനെ തോൽക്കാം എന്നതിലാണ് മാറി മാറി വന്ന ഭരണകൂടങ്ങൾ മുൻഗണന നൽകിയത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയിൽ വേണ്ടവണ്ണം വാദിക്കുന്നതിൽ കാണിച്ച അവധാനതയാണ് നമ്മുടെ പരാജയം.

അത് സംഭവിച്ചത് പിടിപ്പുകേടാണോ അതോ അതിൽ എന്തെങ്കിലും അഴിമതിയുടെ നാറിയ കഥകൾ ഉണ്ടോ എന്ന് കാലം തെളിയിക്കട്ടെ. ഇപ്പോഴത്തെ വിഷയം വെറും സാങ്കേതികമാണ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് ജനരോഷം തണുപ്പിക്കാൻ മാത്രമാണ്.

ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള അനുവാദം ലഭിച്ചതിനാൽ അതിനുള്ള വൈൽഡ് ലൈഫ് ക്ലിയറൻസിനായി തമിഴ്നാട് ജലവിഭവ വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് എന്ന ഓൺലൈൻ പോർട്ടലിൽ 2015 ൽ അപേക്ഷ നൽകി.

publive-image

രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.

1 വള്ളക്കടവ് അപ്രോച്ച് റോഡിൽ നിന്നും മുല്ലപ്പെരിയാർ ഡാം വരെയുള്ള 5 കി.മീ. റോഡ് സോളിങ് നടത്തുന്നതിനുള്ള അനുവാദം.

2 മുല്ലപ്പെരിയാർ ബേബി ഡാമിനടുത്തുള്ള 23 മരങ്ങൾ മുറിക്കാനുള്ള ഉത്തരവ്.

വന്യജീവി സങ്കേതത്തിനകത്തുള്ള പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ്.

ആദ്യത്തെ അപേക്ഷ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന വന്യജീവി ബോർഡിന്റെ പരിഗണനക്കായി സർക്കാരിലേക്ക് സമർപ്പിച്ചു. രണ്ടാമത്തെ അപേക്ഷയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ 5/11/21 ൽ മുല്ലപ്പെരിയാർ ബേബിഡാമിനോട് ചേർന്നുള്ള 40 സെന്റിലെ 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് ഇറക്കി.

ഇതിൽ നിയമപരമായ പിഴവില്ല. കാരണം,

പാട്ടക്കരാർ അനുസരിച്ച് ഈ സ്ഥലത്തിന്റെ അവകാശം തമിഴ് നാടിനാണ്. കൂടാതെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരുന്ന പ്രവർത്തനങ്ങൾക്ക് വനസംരക്ഷണ നിയമമോ വന്യജീവി സംരക്ഷണ നിയമമോ ബാധകമല്ല എന്ന് 2006 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. കേരളം അന്ന് കേസ് നടത്തിയതിന്റെ അപാകത മൂലമാണ് ഈ വിധി ഉണ്ടായത്.

തമിഴ് നാടിന്റെ അപേക്ഷയിൽ കാലതാമസം വന്നപ്പോൾ സംസ്ഥാന ഫോറസ്റ്റ് സെക്രട്ടറി 19 - 10 - 2020 നും 13 - 7 - 2021 നും ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തുകൾ അയച്ചു. തമിഴ് നാടിന്റെ അപേക്ഷയിൽ സുപ്രീം കോടതി വിധിപ്രകാരവും നിലവിലുള്ള സർക്കാരിന്റെ നിർദ്ദേശപ്രകാരവും ഉടൻ നടപടി സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം .

17/9/ 21 ൽ നടന്ന തമിഴ്നാട് - കേരള അന്തർസംസ്ഥാന നദീജല കമ്മിറ്റിയുടെ മൂന്നാം സിറ്റിങ്ങിൽ ഫോറസ്റ്റ് സെകട്ടറി ഇതിനായുള്ള നടപടികൾ ദ്രുതഗതിയിൽ നടന്ന് വരുന്നതായി അറിയിച്ചു.

26/10/21 ൽ നടന്ന മേൽനോട്ട സമിതിയുടെ സിറ്റിങ്ങിൽ ബേബി ഡാം എത്രയും വേഗം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന് തീരുമാനിച്ചു.

തുടർന്ന് 1/11/21 ൽ ജലസേചന വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ ചേമ്പറിൽ വനം വകുപ്പ് സെക്രട്ടറിയും ചീഫ് വൈൽഡ് ലൈഫ് വാർഡനും കൂടി നടത്തിയ മീറ്റിങ്ങിൽ ആവശ്യമായ ഉത്തരവുകൾ ഇറക്കാൻ തീരുമാനിച്ചു.

ഇതിനെ തുടർന്നാണ് 5/11/21 ൽ 15 മരം മുറിക്കാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഇറക്കിയത്. ഇതിലുൾപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരും സത്യസന്ധതക്കും ആത്മാർത്ഥതക്കും പേര് കേട്ടവരാണ്.

ജലസേചന - ആഭ്യന്തര വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഐ.എ.എസ്, വനം സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഐ.എ.എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഇവരുടെ ആരുടേയും ഔദ്യോഗിക ജീവിതത്തിൽ ഇന്നേവരെ ഒരു കറയും പുരണ്ടിട്ടില്ല.

സുപ്രീം കോടതി മേൽനോട്ട സമിതി ആവശ്യപ്പെട്ട കാര്യം സമയബന്ധിതമായി ചെയ്തു എന്നേയുള്ളു.

ചെയ്തില്ലെങ്കിൽ ഇവർ കോടതിയലക്ഷ്യത്തിന് ഉത്തരം പറയേണ്ടിവരും. വനം സെക്രട്ടറി വനം മന്ത്രിയെ അറിയിച്ചില്ല എന്നത് ആക്ഷേപമായി പറഞ്ഞാൽ തന്നെയും സാങ്കേതികമായി ഇത് മന്ത്രി കാണേണ്ട ഫയൽ അല്ല. കാരണം ഇതിൽ നയപരമായി ഒന്നുമില്ല. സുപ്രീം കോടതി പറഞ്ഞ കാര്യം നടപ്പാക്കി എന്നേയുള്ളു.

ജനരോഷം ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് തടിയൂരുക എന്ന നാണം കെട്ട പണി തന്നെയാണ് ഇവിടെയും നടന്നത്. കേസ് നടക്കുമ്പോൾ പിൻവാതിലിലൂടെ കാശ് വാങ്ങി കേസ് തോറ്റ് കൊടുത്തിട്ട് ഇത്തരം നാണം കെട്ട പണി നടത്തുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.

അതുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിനും മന്ത്രി എ.കെ.ശശീന്ദ്രനും അറിഞ്ഞിരുന്നില്ല എന്നതിൽ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല. അവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥവുമില്ല. വളരെ മുൻപ് സുപ്രീം കോടതി മേൽനോട്ട സമിതി എടുത്തഒരു തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ നടപ്പാക്കിയെന്നേയുള്ളു.

mullapperiyar dam
Advertisment