മൂന്നാറിലെ അനധികൃത നിര്‍മ്മാണം: സബ്കളക്ടറെ തള്ളി എജിയുടെ ഓഫീസ്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, February 11, 2019

കൊച്ചി: മൂന്നാറില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ മുതിരപ്പുഴയാറിന്‍റെ തീരത്ത് പഞ്ചായത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനത്തിന്‍റെ പേരില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യേണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസ്.

ദേവികുളം സബ് കളക്ടര്‍ രേണു രാജിനോടാണ് എജിയുടെ ഓഫീസ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ തുടര്‍നടപടികള്‍ ലഘൂകരിക്കാനുള്ള നീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച്‌ ഭരണകക്ഷി എംഎല്‍എയായ എസ് രാജേന്ദ്രനുള്‍പ്പടെ ഇടപെട്ട സംഭവമായതിനാല്‍ കോടതിയില്‍ കടുത്ത നിലപാടെടുക്കേണ്ടെന്ന തീരുമാനമാണ് എജിയുടെ തീരുമാനമെന്ന് ആരോപണമുയരുന്നു.

മൂന്നാറിലെ പഞ്ചായത്ത് വക ഭൂമിയില്‍ നിയമവും ഹൈക്കോടതി ഉത്തരവും ലംഘിച്ച്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനായിരുന്നു ദേവികുളം സബ് കളക്ടറായ രേണു രാജ് ശുപാര്‍ശ ചെയ്തിരുന്നത്. മുതിരപ്പുഴയാറിന്‍റെ തീരത്ത് നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഹര്‍ജി നല്‍കാമെന്നാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ര‍ഞ്ജിത് തമ്ബാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സബ് കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിയമോപദേശം.

ഇപ്പോഴുണ്ടായ നിയമലംഘനങ്ങളെല്ലാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. തുടര്‍നടപടികളെന്ത് വേണമെന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

×