Advertisment

മൂന്നാഴ്ചയ്ക്കിടെ ഒന്‍പതു കൊലപാതകം ! അശാന്തിയുടെ നടുവില്‍ തൃശൂര്‍. കൊലപാതകങ്ങള്‍ തടയാന്‍ പോലീസ് നടത്തിയ 'ഓപ്പറേഷന്‍ റേഞ്ചര്‍' പരാജയം ! പട്ടാപ്പകലും നാട്ടില്‍ വിലസി കഞ്ചാവ് മാഫിയ. ഗുണ്ടാസംഘള്‍ക്ക് കുടപിടിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരെന്നും ആക്ഷേപം ! കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ നോക്കുകുത്തിയായി തൃശൂര്‍ പോലീസ് !

New Update

publive-image

Advertisment

തൃശൂര്‍: ഇരുപത്തിയൊന്നു ദിവസങ്ങള്‍ക്കിടെ തൃശൂര്‍ ജില്ലയില്‍ നടന്നത് ഒന്‍പതു കൊലപാതകള്‍. ഇതില്‍ തന്നെ ഇരയായതേറെയും യുവാക്കള്‍. അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് കേരളത്തിന്‍രെ സാംസ്‌ക്കാരിക നഗരിയിപ്പോള്‍.

കൊലപാതകങ്ങളില്‍ രണ്ടെണ്ണം രാഷ്ട്രീയ കൊലപാതകങ്ങളെന്നാണ് ആരോപണം. രണ്ടു കോലപാതകത്തില്‍ ഇരകളായത് സ്ത്രീകളാണ്. റിമാന്‍ഡ് പ്രതി ജയില്‍ അധികൃതരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്, പോക്‌സോ കേസിലെ പ്രതിയുടെ കൊലപാതകം, കഞ്ചാവ് കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു എന്നിങ്ങനെയാണ് മറ്റു മരിച്ചവരുടെ കണക്കുകള്‍. പല കേസുകളിലും വ്യക്തിവിരോധമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്.

ഈ ഒന്‍പതു കൊലപാതകങ്ങള്‍ക്കും കാരണങ്ങള്‍ നിരവധിയാണെങ്കിലും ഇതില്‍ നിന്നും പോലീസിന് ഒഴിഞ്ഞു മാറാനാവില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കൊലപാതകങ്ങളൊക്കെയും നടന്നത്. തൃശൂര്‍ സിറ്റി പൊലീസിന്റെ പരിധിയില്‍ ഏഴും റൂറല്‍ പൊലീസിന്റെ പരിധിയില്‍ രണ്ടും കൊലപാതങ്ങളാണ് ഉണ്ടായത്.

ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ പ്രത്യേക നിരീക്ഷണ സംഘത്തെ തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ നേരിട്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിയമിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഈ നിരീക്ഷണ സംഘത്തെ നിയോഗിച്ചു കഴിഞ്ഞിട്ടും നാലു കൊലപാതങ്ങളാണ് അരങ്ങേരിയത്. ഇതില്‍ രണ്ടെണ്ണം പട്ടാപ്പകലായിരുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്നത്.

ഇന്നുണ്ടായ കൊലക്കേസ് ഒഴികെ മറ്റെല്ലാം കേസുകളിലും മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലീസ് പിടികൂടി. രാഷ്ട്രീയ കൊലപാതകളെന്ന് ആരോപണമുയര്‍ന്ന സനൂപിന്റേയും നിധിലിന്റേയും കേസുകളില്‍ ചിലരെ കൂടി ഇനിയും പിടിക്കാനുണ്ട്. യുവാക്കളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളാണ് പല കേസിലും പ്രതികളായവര്‍.

ഇവര്‍ക്ക് പോലീസിനെ പേടിയേ ഇല്ല. പലപ്പോഴും കസ്റ്റഡി മര്‍ദനങ്ങളിലടക്കം പോലീസുകാര്‍ ആരോപണ വിധേയരായ പശ്ചാത്തലത്തില്‍ അവര്‍ കാര്യമായ നടപടികളെടുക്കാന്‍ മടിക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. ഇതിനു പുറമെയാണ് കഞ്ചാവ് അടക്കമുള്ള ലഹരി കടത്തുകാരുടെ സംഘങ്ങളും നഗരത്തിലും പരിസര പ്രദേശത്തും പിടി മുറുക്കിയിട്ടുള്ളത്.

കഞ്ചാവ് സുലഭമായി ജില്ലയിലേയ്ക്ക് വരുന്നുണ്ട്. കോവിഡ് കാലം തുടങ്ങിയതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് വില്‍ക്കുന്നതിലേക്ക് ജില്ലയിലെ ക്രിമിനല്‍ സംഘങ്ങള്‍ തിരിഞ്ഞു. ഇവരുടെ കുടിപ്പകയും വാക്കുതര്‍ക്കവും കൊലപാതകങ്ങളിലേക്ക് കലാശിക്കുന്നുണ്ട്.

കോവിഡ് കാലത്ത് കോവിഡ് പ്രതിരോധത്തിലേക്ക് പോലീസ് തിരിഞ്ഞതും ക്രമസമാധാനപാലനത്തിന് തടസ്സമാകുന്നുണ്ട്. പോലീസിന്റെ പിടിപ്പുകേട് തന്നെയാണ് തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ ഗുണ്ടാ സംഘങ്ങളുമായി പോലീസിന് ചില അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

thrissur news
Advertisment