കണ്ണൂര്‍: അഴീക്കോട് സീറ്റില്‍ ഒരു തവണകൂടി മത്സരിക്കാനുള്ള ലക്ഷ്യത്തോടെ എംവി നികേഷ്‌കുമാര്‍. രണ്ടു ദിവസം ചാനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി നികേഷ്‌കുമാര്‍ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥികളുടെ പരിപാടികളില്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടുപിടിക്കാനാണ് നികേഷ് കണ്ണൂരില്‍ വന്നത്.
അഴിക്കോട് മണ്ഡലത്തിലെ വിവിധ മേഖലകളിലാണ് നികേഷ് കുമാര്‍ ഇന്നലെ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി വീടുകള്‍ കയറി ഇറങ്ങിയത്. ചിറയ്ക്കല്‍, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകളിലെ പരിപാടികളില്‍ നികേഷ് പങ്കെടുത്തിരുന്നു.
കണ്ണൂര്‍ കോര്‍പ്പറേഷനിലും ഇടതിന് വേണ്ടി വോട്ട് ചോദിക്കാന്‍ നികേഷ് സജീവമായി തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ അഴീക്കോട് സജീവമാകാനാണ് നികേഷിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് വോട്ടുപിടുത്തവും മറ്റ് പരിപാടികളുമെന്നാണ് വിവരം.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം ഷാജിയോട് പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് നികേഷ്‌കുമാര്‍ അഴീക്കോട് എത്തുന്നത്. തോറ്റതില്‍ പിന്നെ മണ്ഡലത്തിലേക്ക് വരാത്ത വ്യക്തി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലത്തില്‍ എത്തിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ എതിര്‍പ്പുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടുമാസത്തിനു ശേഷം കണ്ണൂരില്‍ വന്നപ്പോഴുള്ള നികേഷ്‌കുമാറിന്റെ സന്ദര്‍ശനത്തിലും അസ്വാഭാവികതയുണ്ടെന്ന നിലപാടാണ് സിപിഎമ്മുകാര്‍ക്ക് തന്നെയുള്ളത്. സീറ്റുറപ്പിക്കാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനായാണ് നികേഷ് അഴീക്കോടെത്തിയതെന്നും പറയപ്പെടുന്നു. ഇന്നു തന്നെ മുഖ്യമന്ത്രിയെ നികേഷ് കാണാന്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍ എതിര്‍പ്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നികേഷ്‌കുമാറിനോടുള്ളതെന്നാണ് വിവരം. സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാര്‍ പ്രതസന്ധിയിലായപ്പോള്‍ നികേഷ് എരിതീയില്‍ എണ്ണയൊഴിക്കുന്ന പണിയാണ് കാട്ടിയതെന്നും സിപിഎമ്മിന്റെ അടുത്ത അനുായികള്‍ പോലും വിമര്‍ശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെഎം ഷാജിയെ നേരിടാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്നാണ് ഇവരുടെ ആവശ്യം