Advertisment

മൂന്നാം തവണയും യുപിഎ അധികാരത്തിലെത്താതിരിക്കണമെങ്കില്‍ അദ്വാനി മാറി മോഡി വരണമെന്ന് ആദ്യം നിലപാടെടുത്ത നേതാവ് ! മോഡിക്ക് ഡല്‍ഹിയിലേക്ക് സുഗമ യാത്രയൊരുക്കിയത് ജെയ്റ്റ് ലി. രണ്ടാം തവണയും ജെയ്റ്റ് ലി തനിക്കൊപ്പം ഉണ്ടാകണമെന്നാവശ്യപ്പെട്ട് മോഡി വീട്ടിലെത്തി കണ്ടെങ്കിലും ശരീരം അനുവദിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അരുണ്‍ ജെയ്റ്റ് ലി വിടവാങ്ങുന്നത് രാജ്യത്തിന് അദ്ദേഹത്തെ ഏറ്റവും ആവശ്യമുണ്ടായിരുന്ന ഘട്ടത്തില്‍ 

New Update

ഡല്‍ഹി:  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖമാണ് അരുണ്‍ ജെയ്റ്റ് ലി വിടവാങ്ങുമ്പോള്‍ ഇല്ലാതാകുന്നത്.   ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള കടുത്ത പോരാട്ടങ്ങള്‍ക്കിടയിലും എതിരാളികളുടെ വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കാത്ത ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അരുണ്‍ ജെയ്റ്റ് ലി.

Advertisment

മികച്ച ഒരു അഭിഭാഷകന്‍ ആയിരുന്നു എന്നത് പോലെതന്നെ രാഷ്ട്രീയത്തെ ശരിയായി വിശകലനം ചെയ്ത തികഞ്ഞ ഒരു നേതാവുകൂടിയായിരുന്നു അരുണ്‍ ജെയ്റ്റ് ലി.  രാഷ്ട്രീയത്തില്‍ എന്തൊക്കെയാകാം, എന്തൊക്കെ ആകരുത്, ഏത് അതിര്‍വരമ്പുകള്‍ വരെ സഞ്ചരിക്കാം, എവിടെയൊക്കെ അത് ലംഘിക്കരുത് എന്നതിന് കൃത്യമായ ഉത്തരമായിരുന്നു അരുണ്‍ ജെയ്റ്റ് ലിയുടെ രാഷ്ട്രീയ ജീവിതം.

publive-image

അതിനാല്‍ തന്നെയാണ് എതിരാളികള്‍ പോലും തെറ്റായ പാര്‍ട്ടിയിലെത്തിച്ച ശരിയായ നേതാവെന്ന് അരുണ്‍ ജെയ്റ്റ് ലിയെ വിശേഷിപ്പിച്ചത്. എതിര്‍ പാര്‍ട്ടികള്‍ക്ക് പോലും അരുണ്‍ ജെയ്റ്റ് ലിയെന്ന മാന്യ സൗമ്യ വ്യക്തിത്വത്തോടുള്ള മൃദു സമീപനത്തിന്റെ തെളിവായിരുന്നു ഈ വിശേഷണം. അതിനദ്ദേഹം അര്‍ഹനായിരുന്നപ്പോഴും താന്‍ ശരിയായ പാര്‍ട്ടിയിലെത്തിയ ശരിയായ നേതാവ് തന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്.

പ്രമുഖ അഭിഭാഷകന്‍ മഹാരാജ് കിഷന്‍ ജെയ്റ്റ് ലിയുടെ മകനായ അരുണ്‍ ജെയ്റ്റ് ലി സുപ്രീംകോടതിയിലെ പ്രമുഖനായ അഭിഭാഷകനായിരിക്കെ 1980 കള്‍ മുതല്‍ തന്നെ ദേശീയ രാഷ്ട്രീയത്തില്‍ പ്രഗത്ഭനായി മാറിയിരുന്നു. ബി ജെ പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ ബി വി പിയുടെ ഭാഗമായാണ് ജെയ്റ്റ് ലിയുടെയും രാഷ്ട്രീയ രംഗപ്രവേശം.

1974 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റ് പദവിയിലെത്തിയതായിരുന്നു ആദ്യ വിജയം. 1977 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍ എല്‍ ബി നേടി പുറത്തിറങ്ങിയ അരുണ്‍ ജെയ്റ്റ് ലി വളരെ പെട്ടെന്ന് തന്നെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായി മാറി. 1989 ലെ വി പി സിംഗ് സര്‍ക്കാര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി അരുണ്‍ ജെയ്റ്റ് ലിലെ നിയമിച്ചതാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളായി ശ്രദ്ധിക്കപ്പെടുന്നത്.  അന്ന് വെറും 37 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

publive-image

എല്ലാ രാഷ്ട്രീയപ്പാര്ട്ടികളുമായും എല്ലാ നേതാക്കളുമായും അദ്ദേഹം അടുപ്പവും സൗഹൃദവും സൂക്ഷിച്ചു.  വലിയ ജനകീയനോ കടുത്ത രാഷ്ട്രീയ പോരാളിയോ ഒന്നും ആയിരുന്നില്ലെങ്കിലും ആര്‍ക്കും അപ്രിയനായിരുന്നില്ല അദ്ദേഹം.

മറ്റൊരു പാര്‍ട്ടിയിലായിരുന്നെങ്കില്‍ വളരെ എളുപ്പത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാമായിരുന്നെങ്കിലും അത്തരം കുറുക്കുവഴികളൊന്നും അരുണ്‍ ജെയ്റ്റ് ലിയെന്ന രാഷ്ട്രീയ നേതാവിന് താല്‍പര്യമുണ്ടായിരുന്നില്ല. അത് ശരിയായ രാഷ്ട്രീയമല്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഒടുവില്‍ വാജ്പേയ് സര്‍ക്കാരിലാണ് അദ്ദേഹം കേന്ദ്രമന്ത്രിയാകുന്നത്.

വാജ്പേയിക്ക് ശേഷം രണ്ട് തവണ തുടര്‍ച്ചയായി യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ അക്കാലത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ് ലിയാണ് സ്വന്തം പാര്‍ട്ടിയുടെ പോരായ്മകള്‍ ആദ്യം തിരിച്ചറിഞ്ഞത്. അന്ന് പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായിരുന്ന എല്‍ കെ അദ്വാനിയുടെ നേതൃത്വം ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പര്യാപ്തമല്ല എന്ന് ആദ്യം തിരിച്ചറിഞ്ഞ നേതാക്കളില്‍ ഒരാളും അരുണ്‍ ജെയ്റ്റ് ലി ആയിരുന്നു.

publive-image

പകരം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആദ്യം നിലപാട് സ്വീകരിച്ചവരില്‍ ഒരാള്‍ അദ്ദേഹം തന്നെയായിരിക്കും.  പിന്നീട് മോഡിയുടെ ഡല്‍ഹി ദൌത്യത്തിന്റെ ചുക്കാന്‍ തന്നെ ജെയ്റ്റ് ലി ഏറ്റെടുത്തു. അദ്വാനിയുടെ കടുത്ത എതിര്‍പ്പുകളെ മറികടക്കാന്‍ മോഡി - അമിത് ഷാ കൂട്ടുകെട്ടിന് ഏറ്റവും കരുത്തായത് ജെയ്റ്റ് ലിയുടെ പിന്തുണയായിരുന്നു.

മോഡിയെ അധികാരത്തില്‍ രണ്ടാം തവണ പ്രധാനമന്ത്രിയാക്കുംവരെ ജെയ്റ്റ് ലിയുടെ പിന്തുണ നിര്‍ണ്ണായകമായി. രണ്ടാം തവണയും തനിക്കൊപ്പം ജെയ്റ്റ് ലിയും ക്യാബിനറ്റില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം നരേന്ദ്ര മോഡിക്കുണ്ടായിരുന്നു.  ആ ആവശ്യവുമായി മോഡി ജെയ്റ്റ് ലിയേ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.  പക്ഷെ തന്റെ മനസ് സജ്ജമാണെങ്കിലും ശരീരം വഴങ്ങുന്നില്ലെന്നായിരുന്നു ജെയ്റ്റ് ലിയുടെ അഭിപ്രായം. മോഡിയും അത് ശരിവയ്ക്കുകയായിരുന്നു.

പക്ഷെ ഇത്ര പെട്ടെന്ന് ജെയ്റ്റ് ലി വിടവാങ്ങുമെന്ന് ആരും കരുതിയില്ല. പ്രത്യേകിച്ച് രാജ്യം അതി കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍. അത്തരം സാഹചര്യങ്ങളെ നേരിടാന്‍ അറിവുണ്ടായിരുന്ന ബി ജെ പി പാളയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് തന്നെയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ബി ജെ പിക്ക് വലിയ നഷ്ടമാണ്, രാജ്യത്തിനും നഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ച് അതിലേറെ നഷ്ടമാണ്.

ആദരാഞ്ജലികള്‍ ....

- എഡിറ്റര്‍

 

arun jeytli
Advertisment