ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ എറണാകുളം സ്വദേശിനിയും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

ദില്ലി:  ദില്ലിയില്‍ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ ഒരു മലയാളി ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് മരിച്ചത്. 53 വയസ്സുകാരിയായ ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

ചോറ്റാനിക്കര സ്വദേശിയാണ് ജയശ്രീ. നളിന അമ്മ, വിദ്യാസാഗര്‍ എന്നിവരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ദില്ലിയിലെ വിവാഹ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു 13 അംഗ സംഘം. സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്നും വ്യക്തമാകുന്നു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.

കരോൾബാഗിലെ അർപിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയാണ് തീ പടര്‍ന്നത്.  26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 5 നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു.

 

×