Advertisment

മഹാരാഷ്ട്രയിൽ വിജയം കണ്ടത് എല്ലാ സാധ്യതകളും ഒന്നിപ്പിച്ച 'കെ സി ഓപ്പറേഷൻ'. പ്രഭ ചോർന്ന് മോദി - അമിത് ഷാ കൂട്ടുകെട്ട് ! തിരിച്ചുവരവിന്റെ കരുത്തറിയിക്കുന്ന ചാണക്യ നീക്കങ്ങളിൽ കരുണാകരനുശേഷം വീണ്ടുമൊരു മലയാളി സാന്നിധ്യം കൂടി. പുതിയ കിംഗ് മേക്കറായി വേണുഗോപാൽ !

New Update

മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രഭ മങ്ങുമ്പോൾ കെ കരുണാകരന് ശേഷം ഡൽഹിയിലെ കോൺഗ്രസ് കരുനീക്കങ്ങളിൽ തിളങ്ങുന്നത് മറ്റൊരു മലയാളി സാന്നിധ്യം !

Advertisment

മഹാരാഷ്ട്രയിലെ കോൺഗ്രസ് - എൻ സി പി - ശിവസേനാ സഖ്യത്തെ പിടിച്ചു കുലുക്കിയ മഹാ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച കെ സി വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിലെ മറ്റൊരു മലയാളി കിംഗ് മേക്കറായി മാറുകയാണ്.

publive-image

അർദ്ധരാത്രിയിലെ നാടകീയ നീക്കങ്ങളും പുലർ കാലത്തെ സത്യപ്രതിജ്ഞയും കഴിഞ്ഞു 80 -)൦ മണിക്കൂറിൽ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചൊഴിയുമ്പോൾ അതിനു പിന്നിലെ ചരടുവലികൾക്ക് ചുക്കാൻ പിടിച്ച കേന്ദ്രങ്ങൾ ശ്രദ്ധാകേന്ദ്രമാകുകയാണ്.

അതിൽ മുമ്പനാണ് കെ സി വേണുഗോപാൽ. 91 ൽ രാജീവ് ഗാന്ധിയുടെ മരണശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ കിംഗ് മേക്കറായി മാറിയ കെ കരുണാകരന് ശേഷം ഇപ്പോൾ രാഷ്ട്രീയ നീക്കങ്ങളിൽ കെ സിയും ചർച്ച ചെയ്യപ്പെടുകയാണ്.

എ കെ ആന്റണി മുതിർന്ന നേതാവെന്ന നിലയിൽ എല്ലാ ആലോചനാ സമിതികളിലും പ്രധാനിയായി ഉണ്ടെങ്കിലും നേരിട്ട് കരുനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് സംസ്ഥാന ചുമതലയുള്ള മല്ലികാർജ്ജുന ഗാർഖെയ്ക്ക് ഒപ്പം വേണുഗോപാലായിരുന്നു.

ഗാർഖെയും അഹമ്മദ് പട്ടേലും ഗുലാം നബി ആസാദുമൊക്കെ ചരടുവലികൾക്ക് നിയോഗിക്കപ്പെട്ടപ്പോൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്നതിനു പുറമെ സോണിയാ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം കൂടിയായിരുന്നു വേണുഗോപാലിനെ തന്ത്രങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിയോഗിക്കുന്നത്.

കർണ്ണാടകയിൽ അമിത് ഷായും യെദ്യൂരപ്പയും ഒരുക്കിയ കെണികളൊക്കെയും തരണം ചെയ്ത് ഒന്നര വർഷം സഖ്യ സർക്കാരിനെ പിടിച്ചു നിർത്തിയ തന്ത്രങ്ങളൊരുക്കിയത് കെ സിയുടെ നേതൃത്വത്തിലായിരുന്നു.

publive-image

അതേ പ്രതിരോധ തന്ത്രങ്ങൾ തന്നെയാണ് കോൺഗ്രസ് മഹാരാഷ്ട്രയിലും പയറ്റിയത്. സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ചേർന്നൊരുക്കിയ ചടുലമായ രാഷ്ട്രീയ നീക്കങ്ങളുടെ ക്രോഡീകരണവും മേൽനോട്ടവും സോണിയാ ഗാന്ധി ഏൽപ്പിച്ചത് വേണുഗോപാലിനെ ആയിരുന്നു.

രാഷ്ട്രീയ നീക്കങ്ങൾക്കൊപ്പം നിയമ വഴികളിൽ കൂടി പോരാട്ടം നീണ്ടുപോയപ്പോൾ ബി ജെ പിയുടെ കുറുക്കുവഴികൾക്ക് തടയിട്ടത് സുപ്രീംകോടതി നേരിട്ടായിരുന്നു. എല്ലാ സാധ്യതകളും പരീക്ഷിക്കുകയെന്ന കർണ്ണാടക മോഡൽ 'കെ സി ഓപ്പറേഷനാ'ണ് അങ്ങനെ മഹാരാഷ്ട്രയിലും ഫലം കാണുന്നത്.

ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോഴാണ് നാണക്കേടിന് മുകളിൽ മഹാ നാണക്കേട് ഒഴിവാക്കാൻ അവിശ്വാസത്തിന് മുമ്പ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവച്ചത്. ഇതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ബലാബലത്തിൽ ബി ജെ പിയെ കടത്തിവെട്ടി കോൺഗ്രസ് വിജയം നേടി.

കോൺഗ്രസിനെ സംബന്ധിച്ച് വലിയ ആവേശമാണ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ അവർക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളിൽ നിന്നൊക്കെ ബി ജെ പി ഇതോടെ കുടിയൊഴുപ്പിക്കപ്പെടുകയാണ്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് ഇപ്പോൾ മഹാരാഷ്ട്ര എന്നിവയൊക്കെ കോൺഗ്രസ് തിരിച്ചുപിടിച്ചു കഴിഞ്ഞു. കർണ്ണാടകയിൽ പിന്നീട് ബി ജെ പി സർക്കാരുണ്ടാക്കിയെങ്കിലും അതവരുടെ രാഷ്ട്രീയ നേട്ടമായി കാണാനാകില്ല.

publive-image

ബംഗാൾ, ആന്ധ്ര, തെലുങ്കാന, ഡൽഹി എന്നിവിടങ്ങളിലൊന്നും ബി ജെ പി നിയന്ത്രണത്തിലുള്ള സർക്കാരുകളില്ല. പഞ്ചാബിൽ ഭരണം കോൺഗ്രസിനാണ്. ഹരിയാനയിൽ ബി ജെ പിയുടെ സർക്കാരാണെങ്കിലും അവിടെയും കേവല ഭൂരിപക്ഷം തട്ടിക്കൂട്ടാണ്‌.

അങ്ങനെ സംസ്ഥാനങ്ങളെണ്ണി പ്രതിപക്ഷം തിരിച്ചുപിടിക്കാൻ തുടങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് വീണ്ടും നിർണ്ണായകമായി മാറുന്നു. രാജ്യത്തിന്റെ മനസ് കൂട്ടുകക്ഷി ഭരണത്തിനും മൂന്നാം മുന്നണി പരീക്ഷങ്ങൾക്കും അനുകൂലമല്ലെന്ന തിരിച്ചറിവിലാണ് ഇടത് പാർട്ടികളും മുലായം, മായാവതി, മമതാ ബാനർജി തുടങ്ങിയ നേതാക്കളും.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഈർക്കിൽ പാർട്ടികൾക്ക് നൽകിയ മുന്നറിയിപ്പ് അതായിരുന്നു. അതിനാൽ തന്നെ ഇനി കോൺഗ്രസിനെ സൈഡിലിരുത്തി സർക്കാരുണ്ടാക്കാനുള്ള നാടകങ്ങളൊന്നും അടുത്ത കാലത്തൊന്നും ഡൽഹിയിൽ വിലപ്പോവില്ല.

മാത്രമല്ല, ദേശീയ രാഷ്ട്രീയം തിരിച്ചു പിടിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കോൺഗ്രസ്. അത്തരം രാഷ്ട്രീയ നീക്കങ്ങളുടെ അച്ചുതണ്ടിൽ ഒരു മലയാളി നേതാവും കൂടിയുണ്ടെന്നത് കേരളത്തിനും അഭിമാനിക്കാം. ഒപ്പം ദേശീയ രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ അതിശക്തനായി മാറുകയും ചെയ്യുന്നു.

kc venugopal ele 2019
Advertisment