Advertisment

കെ പി സി സി: പട്ടിക പോലെ തന്നെ പ്രഖ്യാപനവും നീളും. വയോധികരെയും കണ്ടുമടുത്തവരെയും കൊണ്ട് ലിസ്റ്റ് നിറഞ്ഞു. വെറ്ററൻസ് മീറ്റിന് യോഗ്യരായവരെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ എം പി ഗോവിന്ദൻനായരെയും സി വി പത്മരാജനെയും കൂടി ഉൾപ്പെടുത്താമായിരുന്നില്ലേയെന്ന് ഉന്നത നേതാവിന്റെ കമന്റും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി:  കെ പി സി സി ഭാരവാഹി പട്ടികയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിലേക്ക്. പട്ടികയുടെ പ്രഖ്യാപനം പട്ടികയുടെ നീളം പോലെ തന്നെ നീണ്ടുപോകുമോ എന്ന ആശങ്ക ശക്തമാണ്. പട്ടികയിൽ പറഞ്ഞുകേൾക്കുന്ന പേരുകൾക്കെതിരെയും കടുത്ത എതിർപ്പുകളാണ് ഉയരുന്നത്.

Advertisment

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിച്ച എം പിയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിക്കെതിരെ ബി ജെ പി സ്ഥാനാർത്ഥിക്ക് പരോക്ഷ പിന്തുണ നൽകിയതിന് എ ഐ സി സിയുടെ ശാസന നേരിട്ട എം എൽ എയുമൊക്കെ പട്ടികയിലെത്തിയത് പാർട്ടി ഉപാധ്യക്ഷന്മാരുടെ ലിസ്റ്റിലാണ്.

publive-image

യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്നു പറഞ്ഞിടത്ത് വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയ നേതാക്കളുടെ അതിപ്രസരമാണ് ലിസ്റ്റിലാകെ. എന്തുകൊണ്ട് ടി എച്ച് മുസ്തഫയെയും സി വി പത്മരാജനെയും എം പി ഗോവിന്ദൻ നായരെയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയവരുമുണ്ട്.

ലിസ്റ്റിൽ യുവത്വമെവിടെയെന്നു ഹൈക്കമാന്റ് ചോദിച്ചപ്പോഴാണ് ഏതാനും യുവാക്കളെ ഉൾപ്പെടുത്തി രണ്ടാമതൊരു ലിസ്റ്റ് ഡല്ഹിയിലെത്തിച്ചത്.

കൂട്ടാനില്ലാത്ത നേതാക്കളുടെ നീണ്ട നിരതന്നെ ലിസ്റ്റിലുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും ഇത്തരക്കാർ കയറിക്കൂടിയിട്ടുണ്ടെന്നതാണ് ഖേദകരം.

publive-image

എന്തായാലും കെ പി സി സിയ്ക്ക് ജംബോ ഭാരവാഹി പട്ടിക ഉണ്ടാകില്ലെന്നായിരുന്നു പ്രെസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആദ്യ പ്രഖ്യാപനം. ഇതുപ്രകാരം ആദ്യ ലിസ്റ്റ് തയാറായപ്പോൾ 25 പേർ, തിരുവനന്തപുരത്ത് തർക്കം തീർത്തപ്പോൾ 50 പേർ, എയർപോർട്ടിൽ ചെന്നപ്പോൾ അത് 60, ഡൽഹിയിൽ ഇറങ്ങിയപ്പോൾ 75, ഒടുവിൽ എ ഐ സി സിയിൽ ലിസ്റ്റ് എത്തിയപ്പോൾ 100, പുറത്തിറങ്ങി സോണിയാ ഗാന്ധിക്ക് കൊടുക്കാൻ ഫോട്ടോകോപ്പി എടുത്തപ്പോൾ 110 എന്നതായിരുന്നു ലിസ്റ്റിന്റെ അവസ്ഥ.

എന്നിട്ടും പരാതി തീർന്നില്ല. ലിസ്റ്റിന്റെ നീളത്തെക്കാൾ പ്രധാനമാണ് അതിലെ അയോഗ്യരുടെ എണ്ണം. ഇത്രയും പേരുടെ ലിസ്റ്റെഴുതിയിട്ടും അർഹരായവർ പുറത്തു നിൽക്കുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം.

ഗ്രൂപ്പുകളും നേതാക്കളും കൂടി ഈ പാർട്ടിയെ കുഴിച്ചുമൂടും എന്ന് സോഷ്യൽ മീഡിയ വഴി വിലപിക്കുന്ന പ്രവർത്തകരുടെ എണ്ണം ഓരോ ദിവസവും പെരുകുന്നു.

publive-image

ഏത് ലിസ്റ്റ് വന്നാലും വൈസ് പ്രെസിഡന്റ് ആകുന്നവരും ഏത് ലിസ്റ്റിലും ജനറൽ സെക്രട്ടറിയാകുന്നവരും ഇത്തവണയുമുണ്ട്.

ഒരു ഭാരവാഹികളും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 20 ൽ 19 ഉം വിജയിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. പലരു കൂടിയാൽ പാമ്പ് ചാകില്ലെന്നു പറഞ്ഞ പോലെയാണ് കോൺഗ്രസിന്റെ സ്ഥിതിയെന്ന് അന്ന് തെളിഞ്ഞതാണ്. ലിസ്റ്റിന്റെ എണ്ണം കൂടിയാൽ തെരഞ്ഞെടുപ്പ് കാലത്ത് സെൽഫിയുടെ എണ്ണം കൂടുമെന്നത് മാത്രമാണ് നേട്ടം !

Advertisment