Advertisment

കെ പി സി സി - വന്ദ്യവയോധികരുടെ ജംബോ ലിസ്റ്റിൽ ഹൈക്കമാന്റിന് അതൃപ്തി. യുവാക്കളെ കൂടി ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് നൽകി. ടി എൻ പ്രതാപനും വി എസ് ശിവകുമാറും ഉൾപ്പെടെ വർക്കിംഗ് പ്രസിഡന്റുമാർ ആറാകും. പ്രഖ്യാപനം വൈകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി:  കെ പി സി സി പുനഃസംഘടനാ ലിസ്റ്റ് നീളാന്‍ സാധ്യത . വന്ദ്യവയോധികർക്ക് ഭൂരിപക്ഷവും പ്രാമുഖ്യ൦ നൽകിയ ലിസ്റ്റിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ലിസ്റ്റിൽ ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉണ്ടാകാനുള്ള സാധ്യത വീണ്ടും വർധിച്ചു.

Advertisment

ഇതിനായി കെ പി സി സി യുവാക്കൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള രണ്ടാം ലിസ്റ്റ് ഹൈക്കമാന്റിന് സമർപ്പിച്ചു. യുവ നേതാവ് അഡ്വ. മാത്യു കുഴൽനാടനെപ്പോലുള്ളവർ നിരന്തരം ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നിരുന്നു.

publive-image

എന്നാൽ താമസിക്കുംതോറും ലിസ്റ്റ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ 4 വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിച്ചിരുന്നത് ഇപ്പോൾ ആറാക്കിയതായാണ് റിപ്പോർട്ടുകൾ. ടി എൻ പ്രതാപൻ എം പി, വി എസ് ശിവകുമാർ എം എൽ എ എന്നിവരുടെ പേരുകളാണ് പുതിയതായി ഈ സ്ഥാനത്തേക്ക് ഉയർന്നുവന്നിരിക്കുന്നത്.

കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് നിലവിലെ വർക്കിംഗ് പ്രസിഡന്റുമാർ. ഈ സ്ഥാനത്തേക്ക് ഇനി ആരും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ പുതിയ ലിസ്റ്റുകൾ പ്രകാരം മേൽപ്പറഞ്ഞ 4 പേർക്ക് പുറമെ വി ഡി സതീശനും തമ്പാനൂർ രവിയും കൂടി വർക്കിംഗ് പ്രസിഡന്റുമാരാകും.

ആദ്യം സമർപ്പിക്കപ്പെട്ട ജംബോ ലിസ്റ്റിൽ വൃദ്ധജനങ്ങളുടെ ബാഹുല്യം വിവാദമായപ്പോഴാണ് യുവാക്കളെ ഉൾപ്പെടുത്തി വീണ്ടും രണ്ടാം ലിസ്റ്റ് സമർപ്പിച്ചത്. പാലായിൽ നിന്നും പാർട്ടിക്കാർ ഓടിച്ചുവിട്ട പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന വയോധികനായ മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് വരെ ഗ്രൂപ്പ് പ്രാതിനിധ്യം പറഞ്ഞു സെക്രട്ടറിമാരുടെ ലിസ്റ്റിൽ കയറിക്കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌.

അതേസമയം, സ്ഥാനാർഥി ലിസ്റ്റ് വന്നാലും പുനഃസംഘടനാ ലിസ്റ്റ് വന്നാലും ഗ്രൂപ്പുകാരനല്ലെന്ന പേരിൽ പതിവായി ഒഴിവാക്കപ്പെടുന്ന മാത്യു എം കുഴൽനാടന് വേണ്ടി ഇത്തവണ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവർത്തകർ സോഷ്യൽ മീഡിയ വഴി പരസ്യമായി പ്രതികരിച്ചത് ഗ്രൂപ്പ് മാനേജർമാരെയും പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചു. അങ്ങനെയാണ് രണ്ടാം ലിസ്റ്റിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചത്.

നിലവിൽ രാഹുൽഗാന്ധി ലിസ്റ്റ് കണ്ടിട്ടില്ലെന്നതാണ് ലിസ്റ്റ് വൈകാൻ മറ്റൊരു കാരണം. താൻ ലിസ്റ്റിൽ ഇടപെടില്ലെന്നാണ് രാഹുലിന്റെ നിലപാട്.

എന്നാൽ കേരളത്തിൽ നിന്നുള്ള എം പി എന്ന നിലയിൽ രാഹുൽ ലിസ്റ്റ് കാണണമെന്നാണ് ഹൈക്കമാന്റിന്റെ നിർദ്ദേശം. രാഹുൽ ലിസ്റ്റിൽ ഇടപെടണമെന്ന് കേരളത്തിൽ നിന്നുള്ള യുവ നേതൃത്വവും ആവശ്യപ്പെടുന്നു.

എന്തായാലും ഇന്ന് വൈകിട്ട് ലിസ്റ്റ് പ്രഖ്യാപിച്ചില്ലെങ്കിൽ അടുത്ത ആഴ്ചയിലേക്ക് നീളാനാണ് സാധ്യത. നിലവിൽ പുറത്തുവന്ന ലിസ്റ്റിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ ലിസ്റ്റ് ഒന്നിച്ചു പുറത്തിറക്കണമെന്ന ആവശ്യവും ശക്തമാണ്.

ടി എൻ പ്രതാപൻ വർക്കിംഗ് പ്രസിഡന്റാകുമ്പോൾ തൃശൂർ ഡി സി സിക്ക് പകരം പ്രസിഡന്റിനെ നിയമിച്ചേക്കും. അതേസമയം, വി കെ ശ്രീകണ്ഠൻ എം പിയെ പാലക്കാട് ഡി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന പൊതുവികാരമാണ് ഡി സി സിയിലും കെ പി സി സിയിലുമുള്ളത് .

എന്തൊക്കെയായാലും കെ പി സി സിയ്ക്ക് ജംബോ ലിസ്റ്റ് ഉണ്ടാകില്ലെന്ന് തുടക്കം മുതൽ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ സെഞ്ച്വറി കടന്ന ലിസ്റ്റുമായി തിരുവനന്തപുരം - ഡൽഹി റൂട്ടിൽ ട്രിപ്പടിച്ചു കൊണ്ടിരിക്കുന്നത്.

Advertisment