Advertisment

കെ പി സി സിയിലും യൂത്ത് കോൺഗ്രസിലും പുനഃസംഘടന കീറാമുട്ടി ! പുനഃസംഘടനയിൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാൻ നടക്കുന്നവർ കേരളത്തിലെ സാഹചര്യം മനസിലാക്കണമെന്ന് യുവനിര ! നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് !

author-image
ജെ സി ജോസഫ്
New Update

ഡൽഹി:  കേരളത്തിൽ കെ പി സി സി പുനഃസംഘടന ജംബോ ലിസ്റ്റിനെ ചൊല്ലി അനിശ്ചിതത്വത്തിലായ പിന്നാലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലേക്ക്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പുകൾ രംഗത്ത് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

Advertisment

publive-image

പ്രായപരിധിയിൽ പോലും തിരുത്തൽ വരുത്തി ഗ്രൂപ്പ് ഭക്തരായ ചെറുപ്പക്കാരെ പദവികളിൽ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് ഗ്രൂപ്പുകൾ നടത്തുന്നത്.

തെരഞ്ഞെടുപ്പിലൂടെ അർഹരായ യുവ പ്രതിഭകളെ സംഘടനാ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള എ ഐ സി സിയുടെ നീക്കത്തെ എന്ത് വിലകൊടുത്തും എതിർക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി കേരളാ ഹൗസിൽ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ നടന്നത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അഡ്വ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ് തുടങ്ങിയ എം പിമാരും സി ആർ മഹേഷ് തുടങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കളും യോഗങ്ങളിൽ പങ്കെടുത്തു.

വർഷങ്ങളായി മുടങ്ങിക്കിടന്ന കെ പി സി സി പുനഃസംഘടന അനിശ്ചിതമായി തീരുന്നതിന് കാരണവും ഇതേ തർക്കമാണ്. ലിസ്റ്റ് തയാറാക്കിയപ്പോൾ ഭാരവാഹികളുടെ എണ്ണം ആവശ്യമുള്ളതിൻറെ രണ്ട് ഇരട്ടി കടന്നു.

മാത്രമല്ല, ലിസ്റ്റിൽ യാതൊരു പുതുമയുമില്ല; കെ സി ജോസഫ്, തമ്പാനൂർ രവി, പാലോട് രവി, പ്രതാപ വർമ്മ തമ്പാൻ, ഡൊമനിക് പ്രസന്റേഷൻ, ശിവദാസൻ നായർ, കുര്യൻ ജോയ്, കെ പി കുഞ്ഞിക്കണ്ണൻ എന്നിങ്ങനെ പഴയ 'വീഞ്ഞുകളൊക്കെ' പുതിയ കുപ്പിയിലായെന്നു മാത്രം.

publive-image

കണ്ടാൽ തോന്നുക വെറ്ററൻസ് മീറ്റിനുള്ള ടീമാണെന്നായിരിക്കും. കിടപ്പുരോഗികളും ഓർമ്മ നശിച്ചവരും വരെ ഇക്കൂട്ടത്തിലുണ്ട്.

ഒടുവിൽ പരാതി കൂടിയപ്പോഴാണ് കുറെ ചെറുപ്പക്കാരുടെ കൂടി പേര് ചേർത്ത് ലിസ്റ്റ് പുതുക്കിയത്. അപ്പോഴും ലിസ്റ്റ് നീണ്ടതല്ലാതെ കുറുകിയില്ല. ഒടുവിൽ അക്കാര്യത്തിലും പരാതി ഉണ്ടായപ്പോൾ ലിസ്റ്റ് വെട്ടിച്ചുരുക്കാൻ നേതാക്കളും തീരുമാനിച്ചു.

പക്ഷേ ആരുടെ പേര് വെട്ടും എന്ന തർക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. പേര് വെട്ടിയാൽ ആ നേതാവ് പിണങ്ങും. ഭാരവാഹിയാക്കിയാൽ അവർ അടുത്ത തവണ സീറ്റ് ആവശ്യപ്പെടും. അടുത്ത തവണ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം മത്സരിപ്പിക്കാനും ഭാരവാഹികളാക്കാനുമുള്ള തത്രപ്പാടും പുതിയ ഭാരവാഹി ലിസ്റ്റിലുണ്ട്.

ചുരുക്കത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തീരെ മനസിലാക്കാതെയാണ് മുതിർന്ന നേതാക്കളുടെ പോക്ക്.

publive-image

പാർട്ടിക്ക് ശക്തമായ നേതൃനിര ഉണ്ടായില്ലെങ്കിൽ പാർട്ടി തകരുമെന്ന ബോധ്യം ഹൈബി, ഡീൻ ശബരീനാഥ്‌, ഷാഫി, ബലറാം തുടങ്ങിയ യുവ നേതൃനിരയ്‌ക്കൊക്കെയുണ്ട്. പക്ഷേ അവർക്ക് പാർട്ടിയിൽ ഒന്നും ചെയ്യാനാകില്ല. ഉന്നത നേതാക്കൾ ഇപ്പോഴും കടുംപിടുത്തവും പിടിവാശിയും തുടരുകയാണ്.

അതിനിടയിലാണ് സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് കെ പി സി സി 'ജംബോ' പട്ടികയിൽ ഇടപെടാൻ സോണിയാ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്. സ്ഥിരം ഭാരവാഹികളെയും പ്രായമേറിയവരെയും ഒഴിവാക്കി പരമാവധി യുവത്വത്തിന് പ്രാതിനിധ്യം നൽകുന്ന രീതിയിൽ ലിസ്റ്റ് തയാറാക്കാനാണ് നിർദ്ദേശം.

ഇതുപ്രകാരം മുകുൾ വാസ്നിക് ഉടൻ സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി വാസ്നിക് ചർച്ച നടത്തും. അതിനുശേഷമേ ലിസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.

ആരൊക്കെ ചർച്ച നടത്തിയാലും യുവത്വത്തിനും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുന്ന ലിസ്റ്റ് ഉണ്ടായില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കാര്യം പരിതാപകരമായിരിക്കും.

kpcc
Advertisment