Advertisment

വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഇക്വഡോറിനു സമീപം സ്വന്തം രാജ്യം

New Update

വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് വിവാദ ആള്‍ദൈവം നിത്യാനന്ദ. നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്റ്റംബറില്‍ അവസാനിച്ചതാണ്. ഇത് പുതുക്കണമെന്ന ആവശ്യം കര്‍ണാടക പൊലീസ് തള്ളുകയും ചെയ്തു.

Advertisment

ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃത തടവില്‍ വച്ചെന്നുള്ള കേസും നിലനില്‍ക്കുന്നതിനിടെ അപ്രത്യക്ഷനായ ഇയാള്‍ ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

publive-image

പാസ്പോര്‍ട്ടില്ലാതെ രാജ്യം വിട്ട ഇയാള്‍ സ്വന്തമായി പാസ്പോര്‍ട്ടുള്ള ഒരു രാജ്യം തന്നെയാണിപ്പോള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് 'ഭക്തരില്‍'നിന്ന് സംഭാവനയും സ്വീകരിക്കുന്നു.

സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി 'കൈലാസ' എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടു കഴിഞ്ഞു.

'കൈലാസ' രാജ്യത്തിന് സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും ദേശീയചിഹ്നവുമെല്ലാമുണ്ട്. ഇത് ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ 'അവകാശങ്ങളും' നഷ്ടപ്പെട്ടവരെ. ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തര്‍ക്ക് 'കൈലാസ'ത്തിലേക്കു സ്വാഗതമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

''സമാധാനത്തോടെ ഇവിടെ ജീവിക്കാം. സ്വന്തം ആധ്യാത്മികജീവിതം ആസ്വദിക്കാം. സ്വന്തം കലയും സംസ്‌കാരവും പ്രകടമാക്കാം. ആരും അപകീര്‍ത്തിപ്പെടുത്താനോ ഇടപെടാനോ ഉണ്ടാകില്ല. അക്രമത്തിനും കൈലാസത്തില്‍ സ്ഥാനമില്ല'' - https://kailaasa.org എന്ന വെബ്‌സൈറ്റില്‍ പറയുന്നു.

അതേസമയം, നിത്യാനന്ദ രാജ്യം വിട്ടെന്ന കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ദിവസവും ഇയാളുടെ പ്രഭാഷണം വരുന്നുമുണ്ട്. കൈലാസത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേഷനുകളുമുണ്ട്.

എന്നാല്‍, ഇയാള്‍ എവിടെയാണെന്ന കാര്യം രഹസ്യമാണ്. ദ്വീപിന്റെ യഥാര്‍ഥ സ്ഥാനവും ലഭ്യമല്ല. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്കു സമീപമായിരിക്കും 'കൈലാസ'മെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ഒക്ടോബര്‍ 21-നാണ് കൈലാസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അവസാനമായി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നതാകട്ടെ 2019 ഒക്ടോബര്‍ 10നും. അടുത്ത വര്‍ഷം ഒക്ടോബര്‍ 21 ഇതിന്റെ കാലാവധി തീരുമെന്നും സൈബര്‍ പരിശോധനയില്‍ കണ്ടെത്തി. പാനമയിലാണ് സൈറ്റിന്റ റജിസ്‌ട്രേന്‍. യുഎസിലെ ഡാലസിലാണ് വെബ്‌സൈറ്റിന്റെ ലൊക്കേഷന്‍.

Advertisment