Advertisment

കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, തമിഴ്നാട് ആര് ഭരിക്കുമെന്നും നാളെ അറിയാം ! എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്ന് സര്‍വേകള്‍ !! 22 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിര്‍ണ്ണായകമാകുമ്പോള്‍ !

New Update

ചെന്നൈ:  ലോക്സഭാ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെ ഭരണമാറ്റത്തിനായിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പിനിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ അധികാരമാറ്റം തന്നെയുണ്ടാകാവുന്ന ഏക സംസ്ഥാനമാണ് തമിഴ്നാട്. 22 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അണ്ണാ ഡി എം കെയുടെ എടപ്പാടി സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് പ്രവചനം.

Advertisment

235 അംഗ നിയമസഭയില്‍ നിലവില്‍ 114 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 വേണം. അതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളില്‍ നാലെണ്ണം കൂടി പിടിച്ചെടുത്താല്‍ മതിയാകും. പക്ഷെ, അവിടെയും സര്‍ക്കാരിനൊരു പ്രതിസന്ധിയുണ്ട്.

publive-image

114 ല്‍ 6 പേരെങ്കിലും വിമത നേതാവും ശശികലയുടെ അനന്തരവനുമായ ടി ടി വി ദിനകരനോട്‌ അനുഭാവ൦ പുലര്‍ത്തുന്നവരാണ്. അതിനാല്‍ 4 സീറ്റുകള്‍ നേടിയാലും സര്‍ക്കാരിന്റെ കാര്യം ഭദ്രമാകില്ല. പകരം ദിനകരന്റെ പക്ഷത്തുള്ള 6 പേര്‍ക്ക് പകരം വയ്ക്കാന്‍ 6 സീറ്റുകള്‍ കൂടി ചേര്‍ത്ത് 10 എണ്ണമെങ്കിലും നേടിയാലെ കാര്യങ്ങള്‍ ഭദ്രമാകുകയുള്ളൂ.

പക്ഷേ, അതിനു സാധ്യതകള്‍ വിരളമാണ്. 16 - 18 സീറ്റുകള്‍ ഡി എം കെ നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്. തമിഴ്നാട്ടിലെ സാഹചര്യത്തില്‍ അത് 22 ഉം തൂത്തുവാരിയാലും അതിശയപ്പെടാനില്ല. അങ്ങനെ വന്നാല്‍ യാതൊരാക്ഷേപവും ഇല്ലാതെ എടപ്പാടിക്ക് രാജിവയ്ക്കേണ്ടി വരും. എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകും.

22 ല്‍ 10 സീറ്റുകള്‍ എ ഐ എ ഡി എം കെയ്ക്ക് ലഭിക്കുമെന്ന് ഒരു സര്‍വേയും പ്രവചിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യവും തമിഴ്നാട്ടിലില്ല. അങ്ങനെ വന്നാല്‍ എം കെ സ്റ്റാലിന്‍ അടുത്തയാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

publive-image

എന്നാല്‍ 22 ല്‍ മൂന്നോ നാലോ സീറ്റുകളില്‍ തങ്ങള്‍ക്ക് കിട്ടുമെന്നാണ് ടി ടി വി ദിനകരന്റെ അവകാശവാദം. അങ്ങനെ വന്നാല്‍ പിന്നെ തമിഴ്നാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ദിനകരന് കഴിയും.

ദിനകരന് താല്പര്യം ഡി എം കെയേക്കാള്‍ അണ്ണാ ഡി എം കെയോടാണ്. ആ പാര്‍ട്ടി ഒന്നാകെ പിടിച്ചെടുക്കുകയാണ് ദിനകരന്റെ ലക്‌ഷ്യം. എന്നാല്‍ ഡി എം കെയ്ക്ക് മാത്രമായി കൃത്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ദിനകരനെ കൂട്ടുപിടിച്ച് ഭരണം പിടിക്കാന്‍ സ്റ്റാലിന്‍ തയാറാകില്ലെന്നാണ് സൂചന.

സര്‍ക്കാരിന് ഇനി 2 വര്‍ഷം മാത്രമാണ് കാലാവധി എന്നിരിക്കെ 2 വര്‍ഷം ന്യൂനപക്ഷ സര്‍ക്കാരിനെ നയിച്ച് ഭരണവിരുദ്ധ വികാരത്തിലകപ്പെട്ട് പിന്നത്തെ 5 വര്‍ഷം നഷ്ടപ്പെടുത്താന്‍ സ്റ്റാലിന്‍ ഒരുക്കമല്ല. സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാനായെങ്കില്‍ മാത്രമേ മുഖ്യമന്ത്രിയാകാനുള്ളൂ എന്ന ഉറച്ച നിലപാടിലാണ് എം കെ സ്റ്റാലിന്‍.

tamilnadu ele 19
Advertisment