Advertisment

ബിജെപിയോട് വിലപേശാനെത്തിയ തുഷാര്‍ വെള്ളാപ്പള്ളിയെ ദേശീയ നേതൃത്വം വിരട്ടിവിട്ടു. പാലാ ആവര്‍ത്തിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും മുന്നറിയിപ്പ്. അമിത് ഷായും പ്രധാനമന്ത്രിയും സന്ദര്‍ശനാനുമതി നല്‍കിയില്ല. ജെ പി നന്ദയെപ്പോലും കാണാന്‍ അനുവദിച്ചില്ല 

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നിര്‍ത്തി ബി ജെ പി നേതൃത്വത്തെ വിരട്ടി പദവികള്‍ നേടാന്‍ ഡല്‍ഹിയിലെത്തിയ ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ദേശീയ നേതൃത്വം വിരട്ടി മടക്കി അയച്ചതായി റിപ്പോര്‍ട്ട്.

Advertisment

മുന്നണിയില്‍ നിന്നുകൊണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് മറിച്ചതിലുള്ള അതൃപ്തി അറിയിച്ചുവെന്ന് മാത്രമല്ല, മറ്റ്‌ ഉപതെരഞ്ഞെടുപ്പുകളിലും ഇത് തന്നെ ആവര്‍ത്തിക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പും നല്‍കി. മാത്രമല്ല, തുഷാര്‍ ആവശ്യപ്പെട്ടത് പോലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒരു പദവിയും ബി ഡി ജെ എസിന് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.

publive-image

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നന്ദയെയും നേരില്‍ കാണാനാണ് തുഷാര്‍ ഡല്‍ഹിയിലെത്തിയതെങ്കിലും ഇവര്‍ ആരും തുഷാറിന് സന്ദര്‍ശനാനുമതി നല്‍കിയില്ല. പകരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷാണ് പാര്‍ട്ടി തീരുമാനം തുഷാറിനെ അറിയിച്ചത്.  വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നന്ദയെ എങ്കിലും കാണാന്‍ അനുവദിക്കണമെന്ന തുഷാറിന്റെ അഭ്യര്‍ത്ഥന പോലും സന്തോഷ്‌ തള്ളി.

ഇതോടെ ഡല്‍ഹിയിലെത്തിയ തന്ത്രം പാളി തുഷാറിനു മടങ്ങേണ്ടി വന്നു. മാത്രമല്ല, 5 ഉപതെരഞ്ഞെടുപ്പുകളില്‍ തുഷാറും ബി ഡി ജെ എസും സ്വീകരിക്കുന്ന നിലപാടുകള്‍ ബി ജെ പി നിരീക്ഷിക്കും.  ബി ഡി ജെ എസിനെതിരെ സംസ്ഥാന ഘടകത്തിന്റെ പരാതിയും ദേശീയ നേതൃത്വത്തിന് മുമ്പിലുണ്ട്.

ഇതോടെ തിരികെ നാട്ടിലെത്തിയ തുഷാര്‍ എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ ശക്തമായി രംഗത്തിറങ്ങാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓരോ മണ്ഡലങ്ങളിലും മൂന്നും നാലും ദിവസം താമസിച്ച് പ്രചരണത്തില്‍ പങ്കെടുക്കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് ഫലം മോശമായാല്‍ നിലവില്‍ കേന്ദ്രധനമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരായ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പരാതികള്‍ വിവിധ ഏജന്‍സികള്‍ പൊടിതട്ടി എടുത്തേക്കും. ഇക്കാര്യത്തില്‍ ഇനി വെള്ളാപ്പള്ളി കുടുംബത്തോട് അനുനയം വേണ്ടെന്ന കര്‍ശന നിലപാടിലാണ് ബി ജെ പി.

 

 

Advertisment