Advertisment

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്.ദില്ലി കലാപക്കേസില്‍ എന്ന് സൂചന .

New Update

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് റെയ്ഡ് നടന്നത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് തിരച്ചില്‍ എന്നാണ് അനൗദ്യോഗിക വിവരം. ദേശീയ നേതാക്കളായ അഞ്ച് പേരുടെ വീട്ടിലാണ് പരിശോധന.

Advertisment

publive-image

ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വഴുതക്കാട് എളമരത്തെ വസതിയിലും കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലുമാണ് റെയ്ഡ്. കൊച്ചിയില്‍ ഇഎം അബ്ദുറഹ്മാന്റെയും കോഴിക്കോട് പ്രഫസര്‍ പി കോയയുടെയും വീടുകളിലും റെയ്ഡ് നടന്നു എന്നാണ് വിവരം. സംഘടനയുടെ മീഞ്ചന്തയിലെ ഓഫീസിലും റെയ്ഡിന് ഉദ്യോഗസ്ഥരെത്തി. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളിലും റെയ്്ഡ് നടന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എല്ലായിടത്തും ഒരേ സമയമാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക വിവരം അറിയുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കരമന അഷ്‌റഫ് മൗലവിയോട് ഇഡി നേരത്തെ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ശേഷം ഇദ്ദേഹം രേഖകള്‍ കൈമാറുകയും ചെയ്തു. പിന്നാലെയാണ് ഇഡി റെയ്ഡിന് എത്തിയത്.

സംഘടനയുടെ വരുമാന മാര്‍ഗങ്ങള്‍, പണം ഏതെല്ലാം മേഖലകളില്‍ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നേരത്തെ ഇഡി ചോദിച്ചറിഞ്ഞിരുന്നത്. അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെടുത്തില്ല. ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.

അതേസമയം, നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ നിന്ന് രണ്ടു പുസ്തകങ്ങളും ലാപ്‌ടോപ്പും എടുത്തുകൊണ്ടുപോയെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ ഇത്തരം വാര്‍ത്തകളുണ്ടാക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണിതെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

 

Advertisment