Advertisment

പ്രകൃതിക്ഷോഭ സാധ്യത;ദേശീയ ദുരന്ത പ്രതികരണ സേന കോട്ടയത്തെത്തി; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

New Update

publive-image

Advertisment

കോട്ടയം: ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ ബുള്ളറ്റിനുകള്‍ പ്രകാരം ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് കാറ്റ് കൂടുതല്‍ ശക്തമാകുക. ചില കേന്ദ്രങ്ങളില്‍ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ അറുപതു കിലോമീറ്ററിനു മുകളിലായിരിക്കും.

കുമരകം മേഖലയില്‍ കഴിഞ്ഞ മാസം നാശനഷ്ടം വിതച്ച കാറ്റിന്‍റെ സ്വഭാവം കൂടി വിലയിരുത്തിയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താലൂക്ക് തല ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സംവിധാനവും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളും പോലീസ്, അഗ്നിരക്ഷാ സേന, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളും വൈദ്യുതി ബോര്‍ഡും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതും ശിഖരങ്ങള്‍ വെട്ടുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്ന്(ഡിസംബര്‍ 3) ഉച്ചയോടെ പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ക്യാമ്പുകള്‍ സജ്ജം

അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറുന്നതിന് ജനങ്ങള്‍ സജ്ജരായിരിക്കണമെന്ന് മലയോര മേഖലകളില്‍ മൈക്ക് അനൗണ്‍മെന്‍റ് മുഖേന അറിയിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 163 ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തെയും ദേശീയ പാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി. അനുമതിയോടെ സ്ഥാപിച്ച ബോര്‍ഡുകളില്‍ അപകട സാധ്യതയുള്ളവ നീക്കം ചെയ്യുന്നതിന് സ്ഥാപിച്ചവര്‍ക്ക് നിര്‍ദേശം നല്‍കും.

പ്രചാരണ ബോര്‍ഡുകള്‍ നീക്കി സ്ഥാനാര്‍ഥികള്‍ സഹകരിക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍ സര്‍ക്കാര്‍ നീക്കം ചെയ്യില്ല. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ പൊതു താത്പര്യം പരിഗണച്ച് താത്കാലികമായി നീക്കി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദുരന്തനിവാരണ മുന്നൊരുക്കങ്ങളുമായി സഹകരിക്കണം. പ്രകൃതിക്ഷോഭ മുന്നറിയിപ്പുള്ള ദിവസങ്ങള്‍ക്കു ശേഷം ഇവ പുനഃസ്ഥാപിക്കാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.

മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും നിരോധനം

ജിലയില്‍ മത്സ്യബന്ധനവും വിനോദസഞ്ചാരത്തിന്‍റെ ഭാഗമായ ഹൗസ്ബോട്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നാളെയും(ഡിസംബര്‍ 4) ശനിയാഴ്ച്ചയും നിരോധിച്ചു. അനാവശ്യമായ ദൂരെയാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണം.

എന്‍.ഡി.ആര്‍.എഫ് സംഘം എത്തി

ദുരന്ത സാഹചര്യമുണ്ടായാല്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം ജില്ലയിലെത്തി. 21 അംഗ സംഘം ഇന്നലെ(ഡിസംബര്‍2) രാത്രിയാണ് കോട്ടയത്ത് എത്തിച്ചേര്‍ന്നത്.

Advertisment