Advertisment

അഖില മടങ്ങിയത് സ്വന്തം വീടെന്ന യാഥാര്‍ത്ഥ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ; അവയവങ്ങള്‍ ജീവന്‍ നല്‍കുന്നത് നിരവധി പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

നെടുമങ്ങാട് : മോഹങ്ങൾ ബാക്കിയാക്കി അഖില യാത്രയായെങ്കിലും അവരുടെ ഹൃദയ വാൽവും അനുബന്ധ ഭാഗങ്ങളും മറ്റു ജീവന് തുണയാകും. സ്വന്തം കിടപ്പാടമില്ലാതിരുന്ന അഖിലയ്ക്ക് സ്വന്തമായി ഒരു വീട് എന്ന മോഹം യാഥാർത്ഥ്യമാക്കാനാകാതെയാണ് മടങ്ങേണ്ടി വന്നത്. തിരുവനന്തപൂരം ചെങ്കോട്ട ദേശീയ പാതയിൽ കല്ലമ്പാറയിൽ ചൊവ്വാഴ്ച്ച ഉണ്ടായ റോഡപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രക്കാരി നെട്ട കുന്നുംപുറത്തു വീട്ടിൽ പരേതനായ കെ.ബിജുവിന്റെ ഭാര്യ അഖില (36) തന്റെ ഹൃദയ വാൽവും അനുബന്ധ ഭാഗങ്ങളുമാണ് ദാനം ചെയ്തത്.

Advertisment

publive-image

ശ്രീചിത്ര തിരുനാൾ മെഡിക്കൽ കോളജ് ആൻഡ് ടെക്നോളജിയും,മെഡിക്കൽ കോളജും സംയുക്തമായി ഇവ നീക്കം ചെയ്ത് ശ്രീചിത്രയിലെ ഹോമോഗ്രാഫ് ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ആവശ്യാനുസരണം ശ്രീചിത്രയിലേയോ, മറ്റ് സർക്കാർ നിയന്ത്രിക്കുന്ന ഹൃദയ ശസ്ത്രക്രിയ സ്ഥാപനങ്ങളിലോ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് നൽകുകയാണ് ചെയ്യുക.

അഖിലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധു രാജൻ, വാർഡ് കൗൺസിലർ കെ.ജെ.ബിനു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി നെടുമങ്ങാട് കല്ലമ്പാറയിലെ ശാന്തിതീരത്തിൽ സംസ്കരിച്ചു. ഏക മകൻ എട്ടാം ക്ലാസ് വിദ്യാർഥി ശ്രീഹരി ഋഷികേശാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. വാടക വീട്ടിൽ താമസിക്കുന്ന അഖില നെട്ട മണക്കോട് കാവിയോട്ടുമുകളിൽ സ്വന്തമായുള്ള നാല് സെന്റിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ പണിയുന്ന വീട് പൂർത്തീകരിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു.

വീടിന് നഗരസഭയിൽ നിന്നു നമ്പരിട്ടുകിട്ടാനും മൂന്നാംഗഡു ധനസഹായം ലഭിക്കാനും അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു നെടുമങ്ങാട്ടെ വിനീഷ് ഡിസ്ട്രിബ്യൂട്ടേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അഖില.

കല്ലമ്പാറയിൽ ചൊവ്വാഴ്ച്ച വൈകിട്ട് ജീപ്പ് കെട്ടിവലിച്ചു കൊണ്ടുവന്ന മറ്റൊരു വാഹനത്തിന്റെ ചെയ്സ് പഴകുറ്റിയിലേക്കു പോകുകയായിരുന്ന അഖിലയുടെ സ്കൂട്ടറിൽ ഇടിച്ച് വീഴുന്നതിനിടയിൽ എതിർദിശയിൽ നിന്നു വന്ന ലോറിയും തട്ടിയായിരുന്നു അപകടം. സ്കൂട്ടറിന്റെ ഹാൻഡിലിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തിട്ടുണ്ട്.

Advertisment