Advertisment

തിരുവനന്തപുരത്തു നിന്നും വിഎസ് ശിവകുമാര്‍ നേമത്തേക്ക് ! നേമത്ത് ഇക്കുറി ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ശിവകുമാറെത്തിയാല്‍ സീറ്റ് തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. ബിജെപിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വരുന്നത് മറ്റു മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ്. മനസു തുറക്കാതെ ശിവകുമാര്‍. മത്സരിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട് വിജയന്‍ തോമസ്. ഇടതുനിരയില്‍ ഇക്കുറിയും ശിവന്‍കുട്ടി തന്നെ. രാജേട്ടന്‍ മാറി കുമ്മനമെത്തുമ്പോള്‍ നേമത്ത് പോരാട്ടം കടുക്കും !

New Update

publive-image

Advertisment

തിരുവനന്തപുരം: നേമം പിടിക്കാന്‍ ഇക്കുറി വിഎസ് ശിവകുമാറിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിംങ് എംഎല്‍എയായ ശിവകുമാറിനോട് ഇക്കാര്യം നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ മത്സരിച്ച യുഡിഎഫ് നേതാക്കളുടെ പ്രകടനം മോശമായിരുന്നു.

മുന്നണി വ്യത്യാസമില്ലാതെ എല്ലാവരുടെയും അഭിമാനപോരാട്ടമാണ് നേമത്ത് അരങ്ങേറാനിരിക്കുന്നത്. ഇത്തവണ നേമം നിലനിര്‍ത്താന്‍ ഒ രാജഗോപാലിനുപകരം കുമ്മനം രാജശേഖരനാണ് കളത്തിലിറങ്ങുന്നതെന്നാണ് ബിജെപിയില്‍ നിന്നും ലഭിക്കുന്ന സൂചന. നേമത്തെ സംഘപരിവാര്‍ വളര്‍ച്ചയെ വിലകുറച്ചുകണ്ടതിന് ലഭിച്ച തിരിച്ചടിയായിരുന്നു ഒ രാജഗോപാലിന്റെ വിജയം. 2021 തെരഞ്ഞെടുപ്പെത്തുമ്പോള്‍ ശക്തരായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

അതുകൊണ്ടുതന്നെ 2016ലെ തോല്‍വിയില്‍ ഏറ്റവും അധികം പഴികേട്ട കോണ്‍ഗ്രസ് ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ്. 2011-ല്‍ ജെഡിയുവിന് സീറ്റുവിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിയായെന്ന് വ്യക്തമായതോടെ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വി എസ് ശിവകുമാറിനെ മത്സരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ശിവകുമാറിനോട് ഇക്കാര്യം നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. ശിവകുമാറിന് മണ്ഡലത്തില്‍ സ്വാധീനമുണ്ടെങ്കിലും ബിജെപിയിലേക്ക് പോയ നായര്‍ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കരുത്തനായ സ്ഥാനര്‍ത്ഥിയാണ് അദ്ദേഹമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ നേതൃത്വത്തിന്റെ ഈ ആവശ്യത്തോട് ശിവകുമാര്‍ പ്രതികരിച്ചിട്ടില്ല.

ശിവകുമാര്‍ നേമത്ത് എത്തിയാല്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിവകുമാറിന് പുറമെ വിജയന്‍ തോമസ്, എന്‍ എസ് നുസൂര്‍ എന്നിവരെയും മണ്ഡലത്തിലേക്ക് പരിഗണിക്കുണ്ട്. അതിനിടെ മത്സരിക്കാനില്ലെന്ന് വിജയന്‍ തോമസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

ഇടതുമുന്നണിയില്‍ ഇക്കുറി മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയെ തന്നെയാകും മത്സരിപ്പിക്കുക. കഴിഞ്ഞ തവണ 8000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്ക് നിലവില്‍ 3000 -ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമേ മണ്ഡലത്തിലുള്ളൂ. അതുകൊണ്ടുതന്നെ ശക്തരായ എതിരാളികള്‍ വരുന്നത് ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തും.

 

KUMMANAM RAJASEKHARAN trivandrum news
Advertisment